Skip to main content

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം: നോമിനേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2025-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. സാമൂഹികപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ് മീഡിയ), മാധ്യമപ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി തുടങ്ങിയ മേഖലകളിൽ നിന്നുള്ള മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ ഒമ്പത് പേർക്കാണ് വ്യക്തിഗത പുരസ്കാരം നൽകുന്നത്. 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. പുരസ്കാരത്തിനായി സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. 50,000 രൂപയും പ്രശസ്തിപത്രവുമാണ് വ്യക്തിഗത പുരസ്കാരം.
ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബുകളിൽ നിന്നും മികച്ച ക്ലബുകള്‍ തിരഞ്ഞെടുക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബുകളെയാണ് സംസ്ഥാനതല അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും ലഭിക്കും.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 15 ആണ്. മാർഗനിർദ്ദേശങ്ങളും അപേക്ഷാ ഫോറവും ജില്ലാ യുവജനകേന്ദ്രത്തില്‍ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കിഴക്കേത്തല മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജില്ലാ യുവജനകേന്ദ്രവുമായി ബന്ധപ്പെടാം. ഫോൺ: 0483 2960700.

date