കളിക്കളം 2026: മാർച്ച് പാസ്റ്റിൽ ആവേശം നിറച്ച് 40 ടീമുകൾ
പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാനതല ‘കളിക്കളം 2026’ കായികമേളയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുക്കുന്നത് 1500 ഓളം വിദ്യാർഥികൾ. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കായികമേളയ്ക്ക് ആവേശകരമായ തുടക്കമാണ് ലഭിച്ചത്.
ദീപശിഖാ പ്രയാണത്തോടെയാണ് മേളയുടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായത്. കായികമനോഭാവം, അച്ചടക്കം, ഐക്യം എന്നിവയുടെ സന്ദേശമുയർത്തി 40 ടീമുകൾ അണിനിരന്ന മാർച്ച്പാസ്റ്റ് ഉദ്ഘാടനച്ചടങ്ങിന് ആവേശം പകർന്നു. വിവിധ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളെയും പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളെയും പ്രതിനിധീകരിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച മാർച്ച്പാസ്റ്റ് ചടങ്ങിന്റെ പ്രധാന ആകർഷണമായി.
കാസർഗോഡ് മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ മുതൽ തിരുവനന്തപുരം ജില്ലയിലെ ഐടിഡിപി നെടുമങ്ങാട് വരെയുള്ള വിവിധ ടീമുകളാണ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്. കായികമികവും കൂട്ടായ്മയും പ്രകടമാക്കിയ വിദ്യാർഥികളുടെ പങ്കാളിത്തം മേളയുടെ ആവേശം വർധിപ്പിച്ചു.
പി.എൻ.എക്‌സ്. 4896/2026
- Log in to post comments