ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപത്തില്‍ 670 കോടി രൂപയുടെ വര്‍ധന
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകളുടെ മൊത്തം നിക്ഷേപം 18,435 കോടി രൂപയായി ഉയര്‍ന്നു. ഒന്നാം പാദത്തിലെ 17,765 കോടി രൂപയില്‍നിന്ന് 670 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതേ കാലയളവില്‍ ബാങ്കുകള്‍ നല്‍കിയ മൊത്തം വായ്പകള്‍ 19,487 കോടി രൂപയില്‍നിന്ന് 20,365 കോടി രൂപയായി ഉയര്‍ന്നതായും ജില്ലാതല ബാങ്കിങ് സമിതി അവലോകന യോഗത്തില്‍ വിലയിരുത്തി.
ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതം (സി.ഡി റേഷ്യോ) ജൂണ്‍ പാദത്തിലെ 109.7 ശതമാനത്തില്‍നിന്ന് 110 ശതമാനമായി വര്‍ധിച്ചു. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള 60 ശതമാനം പരിധിയേക്കാള്‍ വളരെ ഉയര്‍ന്ന നേട്ടമാണിത്. ജില്ലയില്‍ സമാഹരിക്കുന്ന നിക്ഷേപത്തേക്കാള്‍ കൂടുതല്‍ തുക പ്രാദേശിക സമ്പദ്വ്യവസ്ഥയിലേക്ക് വായ്പയായി പുനര്‍നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചിട്ടുണ്ട്.
വാര്‍ഷിക ക്രെഡിറ്റ് പ്ലാനില്‍ ബാങ്കുകള്‍ ഈ പാദത്തില്‍ മികച്ച നേട്ടം സ്വന്തമാക്കിയതായും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക വര്‍ഷത്തില്‍ 16,464 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്യാനാണ് ജില്ലാ ക്രെഡിറ്റ് പ്ലാന്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ പാദം അവസാനിക്കുമ്പോള്‍ ഇതിന്റെ 56.1 ശതമാനമായ 9,230 കോടി രൂപ വിതരണം ചെയ്തു. ആദ്യ പകുതിയിലെ മാനദണ്ഡമായ 50 ശതമാനത്തേക്കാള്‍ മികച്ച പുരോഗതിയാണിത്.
സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം അര്‍ഹരായ മുഴുവന്‍ ആളുകളിലേക്കും എത്തിക്കുന്നതിനായി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഡ്രൈവ് ഊര്‍ജിതമാക്കാനും ജില്ലാതല ബാങ്കിങ് സമിതി യോഗം തീരുമാനിച്ചു. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. ഇടുക്കി ആര്‍.ഡി.ഒ ശ്രീജിത്ത് എസ് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, തിരുവനന്തപുരം ആര്‍.ബി.ഐ എല്‍.ഡി.ഒ അമല്‍ എന്‍.എസ്, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ അരുണ്‍ എം.എസ്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വര്‍ഗീസ് എം. മാത്യു, ആര്‍.എസ്.ഇ.ടി.ഐ ഡയറക്ടര്‍ നിജാസ് എം, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ കുര്യച്ചന്‍ എം തുടങ്ങിയവര്‍ പങ്കെടുത്തു .
- Log in to post comments