പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22-ന്; ജില്ലയിൽ 1,62,839 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും*
പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിൽ 2026 നവംബർ 22-ന് അഞ്ച് വയസ്സിന് താഴെയുള്ള 1,62,839 കുട്ടികൾക്ക് പ്രതിരോധ തുള്ളിമരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ അങ്കണവാടികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ, തിരഞ്ഞെടുത്ത സ്കൂളുകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മറ്റ് തിരഞ്ഞെടുത്ത കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പോളിയോ ബൂത്തുകൾ വഴിയാണ് തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്.
ജനങ്ങൾ ധാരാളമായി എത്തുന്ന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഉത്സവപ്പറമ്പുകൾ, മേളകൾ എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി മരുന്ന് നൽകുന്ന മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ ജില്ലയിൽ ആകെ 1,930 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും ആദിവാസി മേഖലയിലെ കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
നവംബർ 22-ന് വിവിധ കാരണങ്ങളാൽ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് പ്രതിരോധ മരുന്ന് ലഭിച്ചുവെന്ന് ഉറപ്പുവരുത്താനായി ആരോഗ്യ പ്രവർത്തകരും പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകരും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ വീടുകൾ സന്ദർശിച്ച് മരുന്ന് നൽകും. 2014-ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിലും അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ഇപ്പോഴും പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് വാക്സിനേഷൻ തുടരുന്നത്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് പ്രധാനമായും പോളിയോ (പോളിയോ മൈലേറ്റിസ്) ബാധിക്കുന്നതും സങ്കീർണതകൾ ഉണ്ടാക്കുന്നതും എന്നതിനാലാണ് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നത്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരും വോളന്റിയർമാരുമാണ് വിതരണം നടത്തുക. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
- Log in to post comments