Skip to main content
..

ചാമ്പ്യൻസ് ലീഗ് വള്ളംകളി വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ്  പകർന്നു: മന്ത്രി പി സി വിഷ്ണുനാഥ്

 

*പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും മന്ത്രി ഉദ്ഘാടനം ചെയ്തു 

ചാമ്പ്യൻസ് ലീഗ് വള്ളംകളി വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ്  പകർന്നതായും അതിൽ ടൂറിസം വകുപ്പിന് അഭിമാനമുണ്ടെന്നും ടൂറിസം-സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. 12-മത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും അഷ്ടമുടിക്കായലിന് സമീപത്തെ വേദിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചാമ്പ്യൻസ് ലീഗിലെ ഓരോ മത്സരവും വലിയ വിജയമായിരുന്നു.
വലിയ ജനപങ്കാളിത്തമായിരുന്നു ഓരോ ജലോത്സവത്തിലും. 
ജലോത്സവവുമായി ബന്ധപ്പെട്ട വള്ളസമിതികളും ബോട്ട് ക്ലബുകളും അടക്കം എല്ലാവരും സന്തോഷത്തിലാണെന്നും മന്ത്രി പറഞ്ഞു. 
കൊല്ലത്തെ ടൂറിസം മേഖല വലിയ മുന്നേറ്റത്തിലേക്കുള്ള പാതയിലാന്നെന്നും
കേന്ദ്ര സർക്കാരിൻ്റെ ഗ്ലോബൽ ഡെസ്റ്റിനേഷൻ’ പദ്ധതിയിലേക്ക് സംസ്ഥാനത്ത് നിന്ന് നി‌ർദേശിച്ചത് കൊല്ലം ജില്ലയെയാണെന്നും മന്ത്രി പറഞ്ഞു.
എന്‍ കെ പ്രേമചന്ദ്രന്‍ എം പി അധ്യക്ഷനായി. ഓരോ വർഷവും കൂടുതൽ ശ്രദ്ധേയമാകുന്ന ജലോത്സവമായി പ്രസിഡൻ്റ്സ് ട്രോഫി മാറുകയാണെന്ന് എം പി പറഞ്ഞു. വരും വർഷങ്ങളിൽ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി ജലോത്സവവും കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രസിഡൻ്റ്സ് ട്രോഫിയും
നടത്താനുള്ള സർക്കാർ തീരുമാനം
കേരളത്തിലെ ജലോത്സവങ്ങൾക്ക് നിയതമായ കലണ്ടറും ഘടനയും സമ്മാനിക്കും. വിദേശ ടൂറിസ്റ്റുകളെ അടക്കം വൻ തോതിൽ
ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മേയര്‍ എ കെ ഹഫീസ് പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ ലാതദേവി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. ചലച്ചിത്ര താരങ്ങളായ ബേസിൽ ജോസഫ്, റിയ ഷിബു എന്നിവർ മുഖ്യാതിഥികളായി.
കേരളത്തിൻ്റെ   
ജലോത്സവങ്ങൾ തനതായ കായിക ഇനം എന്ന രീതിയിൽ അഭിമാനത്തോടെ ആഘോഷിക്കപ്പെടണമെന്ന് ബേസിൽ ജോസഫ് പറഞ്ഞു. ആദ്യമായാണ് വള്ളംകളി നേരിട്ട് ആസ്വദിക്കാൻ സാധിക്കുന്നതെന്നും അതിൽ വലിയ സന്തോഷമുണ്ട്. കൊല്ലത്തുകാരായ നിരവധി കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇപ്പോൾ കൊല്ലം പ്രിയപ്പെട്ട നാടാണെന്നും ബേസിൽ കൂട്ടിച്ചേർത്തു. ബേസിൽ ജോസഫ്, റിയ ഷിബു, പ്രമുഖ ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാതാവായ
സാബു നാരായണനാചാരി എന്നിവരെ മന്ത്രി പി സി വിഷ്ണുനാഥ് ചടങ്ങിൽ ആദരിച്ചു.

 എംഎൽഎമാരായ വിഷ്ണു മോഹൻ, ഉല്ലാസ് കോവൂർ, ജില്ലാ കലക്ടർ ആനി ജൂല തോമസ്, ഡെപ്യൂട്ടി മേയർ കരുമാലിൽ ഉദയ സുകുമാരൻ, കൗൺസിലർ ജോസഫ് കുരുവിള, പ്രസിഡൻ്റ്സ് ട്രോഫി ചീഫ് കോർഡിനേറ്റർ ആർ കെ കുറുപ്പ്, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളും മുൻ എം എൽ എമാരുമായ എ എ ഷുക്കൂർ, സി കെ സദാശിവൻ, തോമസ് ജോസഫ്, ടൂറിസം ഡയറക്ടർ അനുകുമാരി , സിറ്റി പൊലീസ് കമ്മീഷണർ അശ്വതി ജിജി, 
സബ് കലക്ടർ ഡോ. എസ് മോഹനപ്രിയ,  ടൂറിസം ജോയിൻ്റ് ഡയറക്ടർ പി ഐ സുബൈർ കുട്ടി, കൊല്ലം ടുറിസം വകുപ്പ്  ഡെ. ഡയറക്ടർ എ ആർ ഷാനവാസ് ഖാൻ, ഡിടിപിസി സെക്രട്ടറി ജ്യോതിഷ് കേശവൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date