വാർധക്യത്തിൽ കൈത്താങ്ങായി 'വയോമിത്രം'; ജില്ലയിൽ പ്രവർത്തിക്കുന്നത് 9 യൂണിറ്റുകൾ
കൊടുവള്ളിയിൽ പുതിയ യൂണിറ്റ് അടുത്ത മാസം പ്രവർത്തനമാരംഭിക്കും
വാർധക്യത്തിൽ ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഒറ്റപ്പെടലും നേരിടുന്ന മുതിർന്നവർക്ക് ആശ്വാസമാകുകയാണ് സംസ്ഥാന സർക്കാരിന്റെ വയോമിത്രം പദ്ധതി. കേരള സാമൂഹ്യസുരക്ഷാ മിഷനും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ ജില്ലയിൽ നിലവിൽ ഒമ്പത് വയോമിത്രം യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കൊടുവള്ളി കേന്ദ്രീകരിച്ച് പുതിയൊരു യൂണിറ്റ് കൂടി അടുത്ത മാസം പ്രവർത്തനമാരംഭിക്കും.
65 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്ക് സൗജന്യ ആരോഗ്യപരിശോധന, മരുന്നുവിതരണം, മാനസികോല്ലാസ പരിപാടികൾ, ആരോഗ്യബോധവത്കരണം തുടങ്ങിയ സേവനങ്ങളാണ് പദ്ധതിയിലൂടെ നൽകുന്നത്. വടകര, കൊയിലാണ്ടി, കോഴിക്കോട് കോർപറേഷൻ, കോഴിക്കോട് ബ്ലോക്ക്, ഫറോക്ക്, രാമനാട്ടുകര, മുക്കം എന്നിവിടങ്ങളിലെ അങ്കണവാടികൾ, വായനശാലകൾ തുടങ്ങിയ കേന്ദ്രങ്ങളിലാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഓരോ യൂണിറ്റിലും ശരാശരി 1,500-ലധികം മുതിർന്ന പൗരന്മാർ പ്രതിമാസം ആരോഗ്യപരിശോധനയ്ക്കും മറ്റ് സേവനങ്ങൾക്കുമായി എത്തുന്നുണ്ട്.
മുതിർന്ന പൗരരിലെ പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും തുടർചികിത്സ ഉറപ്പാക്കുന്നതിനും പദ്ധതി വലിയ പങ്കുവഹിക്കുന്നു. ആശുപത്രികളിലെത്താൻ ബുദ്ധിമുട്ടുള്ള കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും വീടുകളിലെത്തി പരിശോധനയും മരുന്നും നൽകുന്ന മൊബൈൽ ക്ലിനിക്ക് സേവനവും വയോമിത്രത്തിന്റെ പ്രത്യേകതയാണ്. ആരോഗ്യപരിചരണത്തോടൊപ്പം മാനസിക പിന്തുണയും സാമൂഹിക ഇടപെടലുകളും ഉറപ്പാക്കി വാർധക്യത്തെ സജീവമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തൊട്ടാകെ നിലവിൽ 95 വയോമിത്രം യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് 2,90,590 ഗുണഭോക്താക്കൾ പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
- Log in to post comments