Skip to main content

ക്യാമ്പസ് ടു ബൂത്ത്: ജില്ലാതല ക്വിസ്, ഉപന്യാസ മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി

 

വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം, സ്വീപ് (SVEEP) പദ്ധതി, ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ (ELC) എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സരങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിലേക്ക് യോഗ്യത നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 'ക്യാമ്പസ് ടു ബൂത്ത്' പരിപാടിയുടെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി സമ്മാനദാനം നിർവഹിച്ചു.

ഓരോ വിഭാഗത്തിൽനിന്നും അഞ്ച് വിജയികളെ വീതമാണ് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്.
വോട്ടർപട്ടിക തയ്യാറാക്കൽ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം), വി.വി.പാറ്റ്, പോളിംഗ് നടപടിക്രമങ്ങൾ, വോട്ടെണ്ണൽ നടപടിക്രമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ സ്കൂൾതലത്തിൽ ജി.എം.എച്ച്.എസ്.എസ്. കൊയിലാണ്ടിയിലെ കെ.കെ. നിതശ്രീ ഒന്നാം സ്ഥാനം നേടി. രാമനാട്ടുകര എസ്.പി.ബി.എച്ച്.എസ്.എസിലെ വി. അനുനന്ദ രണ്ടാം സ്ഥാനവും ബാലുശ്ശേരി ജി.എച്ച്.എസ്.എസിലെ ആർ.പി. വേദനാഥ് മൂന്നാം സ്ഥാനവും നേടി.

കോളേജ് തല ക്വിസ് മത്സരത്തിൽ ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിലെ മിൻഹ അൽമാസ് ഒന്നാം സ്ഥാനവും നാദാപുരം സിറാജുൽ ഹുദാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ശാലോം രാജു രണ്ടാം സ്ഥാനവും നേടി. നരിക്കുനി ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിലെ പി. മിഖ്ദാദ് മൂന്നാം സ്ഥാനത്തെത്തി.

വോട്ടർ പട്ടികയുടെയും സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്റെയും പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഉപന്യാസ മത്സരത്തിൽ സ്കൂൾതലത്തിൽ മേമുണ്ട എച്ച്.എസ്.എസിലെ ഫ്ലിന്റ തനു ഒന്നാം സ്ഥാനം നേടി. മെഡിക്കൽ കോളേജ് ക്യാമ്പസ് ജി.എച്ച്.എസ്.എസിലെ എൻ.എം. പാർവതി രണ്ടാം സ്ഥാനവും പുള്ളൂരാംപാറ സെന്റ് ജോസഫ് എച്ച്.എസ്.എസിലെ അൽക്ക ജോൺ മൂന്നാം സ്ഥാനവും നേടി.
കോളേജ് തല ഉപന്യാസ മത്സരത്തിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ അനീന ശിവാനി ഒന്നാം സ്ഥാനവും മടപ്പള്ളി ഗവൺമെന്റ് കോളേജിലെ അരുണി ചന്ദയൻ രണ്ടാം സ്ഥാനവും നേടി. വടകര ഡയറ്റിലെ നന്ദന കൃഷ്ണ മൂന്നാം സ്ഥാനത്തെത്തി.

വിദ്യാർഥികളിൽ ജനാധിപത്യബോധം വളർത്തുക, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അവബോധം സൃഷ്ടിച്ച്  ഉത്തരവാദിത്തമുള്ള വോട്ടർമാരായി മാറാൻ യുവതലമുറയെ പ്രാപ്തരാക്കുക എന്നിവയായിരുന്നു മത്സരങ്ങളുടെ ലക്ഷ്യം.

ചടങ്ങിൽ എ.ഡി.എം. കെ. ഷെറീന, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എ.കെ. പ്രതീഷ്, ഡെപ്യൂട്ടി കലക്ടർമാരായ ഷാമിൻ സെബാസ്റ്റ്യൻ, സി. സുബൈർ, റവന്യൂ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date