ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള: സ്വാഗതസംഘം രൂപീകരിച്ചു
* ഫെസ്റ്റിവൽ ഫെബ്രുവരി 7 മുതൽ 12 വരെ തിരുവനന്തപുരത്ത്
വനം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളയുടെ സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രിമാരായ ഷിബു ബേബി ജോൺ, പി സി വിഷ്ണുനാഥ് എന്നിവർ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. 2027 ഫെബ്രുവരി ഏഴ് മുതൽ പന്ത്രണ്ട് വരെ തിരുവനന്തപുരത്താണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പ്രകൃതിയെ ആഗോളതലത്തിൽ പരിചയപ്പെടുത്തുക എന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്നും ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമാണ് ഇതെന്നും വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. എല്ലാ വർഷവും പരിപാടി സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രകൃതിസംരക്ഷണ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നവരെ ഫെസ്റ്റിവലിൽ പങ്കാളികളാക്കും. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള വിവിധ ആദിവാസി ഗോത്ര പ്രതിനിധികളെയും ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കും. മസായി മാരയിൽ നിന്നുള്ള മസായി ഗോത്ര പ്രതിനിധികളും മേഘാലയയിലെ വിസിലിംഗ് ഗോത്രപ്രതിനിധികളെയും അടക്കം കേരളത്തിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം, സാംസ്കാരിക വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഫെസ്റ്റിവലിന് ഉറപ്പാക്കുമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.
ഫെസ്റ്റിവലിന് മുന്നോടിയായി സ്കൂളുകൾ, കോളജുകൾ, ലൈബ്രറികൾ, സാഹിത്യ സാംസ്കാരിക കൂട്ടായ്മകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഫെബ്രുവരി ഏഴ് മുതൽ പന്ത്രണ്ട് വരെ ഫോട്ടോഗ്രഫി സമ്മിറ്റ്, ലിറ്ററേച്ചർ സമ്മിറ്റ്, ഫിലിം/ഡോക്യുമെന്ററി സമ്മിറ്റ് എന്നിവ സംഘടിപ്പിക്കും. ബാലൻ മാധവൻ, സബിൻ ഇക്ബാൽ, ബീനാ പോൾ എന്നിവർ യഥാക്രമം സമ്മിറ്റുകൾ ക്യൂറേറ്റ് ചെയ്യും. ഫെബ്രുവരി ഏഴിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വിദേശ പ്രതിനിധികൾ അടക്കം പങ്കെടുക്കും. ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, എഴുത്തുകാർ, ഗവേഷകർ, വിദഗ്ധർ തുടങ്ങിയവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചർച്ചകളിലും പരിപാടികളിലും പങ്കെടുക്കും. ടാഗോർ, കലാഭവൻ തീയേറ്ററുകളിലായി നടക്കുന്ന സിനിമാ പ്രദർശനത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കും.
മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യരക്ഷാധികാരിയായും വനം - വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ രക്ഷാധികാരിയായും മന്ത്രിമാരായ സി.പി. ജോൺ, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, ശശി തരൂർ എം.പി., മേയർ വി.വി. രാജേഷ്, കൗൺസിലർ അഡ്വ. രാഖി രവികുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സാംസ്കാരികകാര്യ വകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണൻ കെ. തുടങ്ങിയവർ അംഗങ്ങളായും വനം - വന്യജീവി വകുപ്പ് സെക്രട്ടറി ബിജു കെ. മെമ്പർ സെക്രട്ടറിയായും സംഘാടക സമിതി രൂപീകരിച്ചു.
സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വനം വന്യജീവി വകുപ്പ് സെക്രട്ടറി കെ ബിജു, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് രാജേഷ് രവീന്ദ്രൻ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പി പുകഴേന്തി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ദീപക് മിശ്ര, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡോ. പ്രമോജ് ജി കൃഷ്ണൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 4957/2026
- Log in to post comments