ഇന്ത്യൻ ഭരണഘടന സമാനതകളില്ലാത്തത്: മുഖ്യമന്ത്രി വി.ഡി. സതീശൻ
ഇന്ത്യയെ പോലെ വൈവിധ്യമാർന്ന ഒരു ജനാധിപത്യരാജ്യം അഭിമുഖീകരിക്കാവുന്ന എല്ലാ പ്രശ്നങ്ങളെയും വിഷയങ്ങളെയും മുൻകൂട്ടിക്കണ്ട് അവയെ അഭിസംബോധന ചെയ്ത സമാനതകളില്ലാത്ത ഭരണഘടനയാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള സർവകലാശാലയിലെ ബി.ആർ. അംബേദ്കർ ചെയർ സെനറ്റ് ചേംബറിൽ സംഘടിപ്പിച്ച ഭരണഘടനാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിന്റെ ബാക്കിപത്രമാണെന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ പൈതൃകം. കേവലം രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമായിരുന്നില്ല ഇന്ത്യൻ സ്വാതന്ത്ര്യസമരം, കാലങ്ങളായി നീതി നിഷേധിക്കപ്പെട്ടവരുടെ സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരമായിരുന്നു അത്. ഈ അടിത്തറയിൽ നിന്നാണ് ഭരണഘടന കെട്ടിപ്പടുത്തത്. വായിക്കുന്തോറും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഇന്ത്യൻ ഭരണഘടന. വലിയ ആശയങ്ങളുടെ പിൻബലത്തിലും എല്ലാ രാജ്യങ്ങളുടെയും ഭരണഘടന ചർച്ച ചെയ്തുമാണ് ഓരോ അനുച്ഛേദവും ഉണ്ടാക്കിയെടുത്തത്. ഭരണഘടനാ നിർമാണ സഭയിൽ നടന്ന ചർച്ചകളെക്കുറിച്ച് വായിക്കുമ്പോൾ ഓരോ അനുച്ഛേദത്തിന്റെയും പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യം വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെഹ്റുവിന്റെയും ഗാന്ധിജിയുടെയും നിതാന്ത വിമർശകനായിരുന്ന അംബേദ്കറെയാണ് നെഹ്റു ആദ്യ മന്ത്രിസഭയിൽ നിയമമന്ത്രിയായി തെരഞ്ഞെടുത്തത്. എല്ലാവരെയും ഉൾച്ചേർക്കുന്ന ഈ വിശാല സങ്കൽപ്പം ഭരണഘടനാ നിർമാണത്തിലും പ്രതിഫലിച്ചുവെന്നും അതാണ് നമ്മുടെ ഭരണഘടനയുടെ മൂല്യം വർധിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിന്തിക്കാനുള്ള അവകാശമാണ് ഇപ്പോൾ ചർച്ചാവിഷയം. നമ്മൾ എന്ത് ചിന്തിക്കണമെന്ന് ആധുനിക സാങ്കേതിക വിദ്യ നിർദേശിക്കുന്ന ഈ കാലഘട്ടത്തിൽ സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നിലനിർത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാല വൈസ് ചാൻലസർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ ശേഷാദ്രിനാഥൻ എൻ, ബാർ കൗൺസിൽ ഓഫ് കേരള ചെയർമാൻ അഡ്വ. വള്ളക്കടവ് ജി മുരളീധരൻ, സർവകലാശാലാ നിയമ വകുപ്പ് മേധാവി സിന്ധു തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 4985/2026
- Log in to post comments