മൂവാറ്റുപുഴയിലേക്ക് ഐഎഎസ് അക്കാദമി തിരിച്ചെത്തുന്നു; നൈപുണ്യ പരിശീലന കേന്ദ്രത്തിനും രൂപം നൽകും
* സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനസഹായം; വാരാന്ത്യ സിവിൽ സർവീസ് പരിശീലനവും പരിഗണനയിൽ
മൂവാറ്റുപുഴയിലെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പുതിയ വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ തുറന്നുകൊണ്ട് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി (ഐഎഎസ് അക്കാദമി) മൂവാറ്റുപുഴയിലേക്ക് തിരിച്ചെത്തുന്നു. ഗവൺമെന്റ് മോഡൽ സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന അക്കാദമി പിന്നീട് ആലുവയിലേക്ക് മാറ്റുകയായിരുന്നു. അക്കാദമി വീണ്ടും മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യവുമായി നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾക്ക് വഴിയൊരുങ്ങിയത്. നഗരസഭാ ചെയർപേഴ്സണും വാർഡ് കൗൺസിലർ ജിനു മടേക്കലും സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള ഡയറക്ടർ എം.സി. ദിലീപ് കുമാറുമായും മറ്റ് ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്.
പദ്ധതിയുടെ തുടർനടപടികളുടെ ഭാഗമായി വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥ സംഘം നിർദിഷ്ട സ്ഥലം സന്ദർശിച്ച് അക്കാദമിയുടെ പ്രവർത്തനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തും. വിദ്യാർത്ഥികളുടെ പ്രവേശന നടപടികളിൽ നഗരസഭ സജീവമായ പങ്കാളിത്തം വഹിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം ലഭ്യമാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ പഠനസഹായവും ഒരുക്കും. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ വാരാന്ത്യങ്ങളിൽ സിവിൽ സർവീസ് പരിശീലനം ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.
ഐഎഎസ് പരിശീലനത്തിനപ്പുറം തൊഴിൽനൈപുണ്യ വികസനത്തിനും സാമൂഹികക്ഷേമത്തിനും പ്രാധാന്യം നൽകുന്ന വിപുലമായ പദ്ധതികളോടെയായിരിക്കും സ്ഥാപനത്തെ വികസിപ്പിക്കുക. മുതിർന്ന പൗരന്മാരുടെ ആരോഗ്യപരിപാലനം, മെഡിക്കൽ കെയർ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട ജെറിയാട്രിക് സയൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ പരിശീലന പരിപാടികൾ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ആരോഗ്യപരിപാലന മേഖലയിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് യുവജനങ്ങൾക്ക് തൊഴിൽനൈപുണ്യം നേടുന്നതിനുള്ള അവസരങ്ങൾ ഒരുക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
സിവിൽ സർവീസ് സ്വപ്നം കാണുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്കും സാമ്പത്തിക പരിമിതികൾ മറികടന്ന് മികച്ച പരിശീലനം നേടാനുള്ള അവസരം ഒരുക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി പറഞ്ഞു. സാമ്പത്തിക പരിമിതികൾ ഒരു കുട്ടിയുടെയും സ്വപ്നങ്ങൾക്ക് തടസ്സമാകരുത്. എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസാവസരങ്ങൾ ഒരുക്കുന്നതിനൊപ്പം, തൊഴിൽനൈപുണ്യ വികസനത്തിനും പുതിയ തൊഴിൽസാധ്യതകൾക്കും വഴിയൊരുക്കുന്ന കേന്ദ്രമായി സ്ഥാപനത്തെ വളർത്തിയെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഉന്നതവിദ്യാഭ്യാസം, തൊഴിൽനൈപുണ്യ വികസനം, സാമൂഹികക്ഷേമം എന്നീ മേഖലകളിൽ പുതിയ സാധ്യതകൾ സൃഷ്ടിക്കുന്ന ഈ സംരംഭം മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
- Log in to post comments