Skip to main content

സൗന്ദര്യവർദ്ധന വസ്തുക്കൾ പിടിച്ചെടുത്തു*

 

 

തൃശൂർ ജില്ലയിൽ ഹൈ റോഡിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി സെൻ്റർ എന്ന സ്ഥാപനത്തിൽ തൃശൂർ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ കോസ്മെറ്റിക്ക് റൂൾസ് 2020 പ്രകാരം ലേബലിൽ നിർബന്ധമായി രേഖപ്പെടുത്തേണ്ടതായ വിവരങ്ങൾ ഇല്ലാത്ത സൗന്ദര്യ വർദ്ധക വസ്തുക്കൾ കണ്ടെത്തി. 18,000 രൂപയുടെ ഉൽപന്നങ്ങളാണ് കസ്റ്റഡിയിലെടുത്തത്.  

 

ലേബലിൽ രേഖപ്പെടുത്തേണ്ടതായ നിർമ്മാതാവിന്റെ പേര്, വിലാസം, നിർമ്മാണ ലൈസൻസ്, ബാച്ച് നമ്പർ, നിർമ്മാണ തിയ്യതി, കാലാവധി എന്നിവ രേഖപ്പെടുത്താത്തതും, ഇറക്കുമതി ചെയ്ത പ്രോഡക്റ്റുകളിൽ ഇമ്പോർട്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നമ്പർ, ഇമ്പോർട്ട് ചെയ്ത മാർക്കറ്ററുടെ പേരും വിലാസവും രേഖപ്പെത്താത്തതും, പി-ഫെനിലീൻ ഡയാമിൻ അടങ്ങിയ ഹെയർ ഡൈയുടെ ലേബലിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ട കോഷൻ, പ്രാഥമിക പരിശോധന എന്നിവ രേഖപ്പെടുത്താത്തതുമായ സൗന്ദര്യ വർദ്ധക വസ്തുക്കളാണ് കണ്ടെത്തിയത്. തായ് ലാൻഡ്, ജർമനി, തായ്‌വാൻ, യു.എസ്.എ  എന്നീ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തതെന്ന് അവകാശപ്പെടുന്ന വിവിധ ഫേസ് ക്രീമുകളും, ഹെയർ ഡൈ, ലിപ്സ്റ്റിക്കുകൾ എന്നിവ ആണ് കണ്ടെടുത്തത്. ലിപ്സ്റ്റിക്കുകളുടെ സാമ്പിളുകൾ ഗുണ നിലവാര പരിശോധനക്കായി ശേഖരിച്ചു. 

 

തൃശൂർ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ ടി.ഐ ജോഷിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിൽ ഡ്രഗ്‌സ് ഇൻസ്പെക്ടർമാരായ ഗ്ലാഡിസ് പി കാച്ചപ്പിള്ളി, പി.കെ സ്വബീഹ, ഡ്രഗ്സ് ഇൻസ്പെക്ടർ (ഐ.ബി) ആർ. അരുൺ കുമാർ, സീനിയർ ഡ്രഗ്‌സ് ഇൻസ്പെക്ടർ ഡോ. എം.സി നിഷിത് എന്നിവർ പങ്കെടുത്തു. സ്ഥാപനത്തിനെതിരെ ഇൻസ്പെക്ടറായ പി.കെ സ്വബീഹയുടെ നേതൃത്വത്തിൽ നിയമനടപടികൾ സ്വീകരിച്ചു.

date