Skip to main content
മട്ടന്നൂരിൽ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് ഓഫീസ്  മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം  ചെയ്തു

മട്ടന്നൂരിൽ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് ഓഫീസ്  മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം  ചെയ്തു

മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് നീതിയും മാന്യമായ ചികിത്സയും ഉറപ്പാക്കുന്നതിനുമായി കണ്ണൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് ഓഫീസ് മട്ടന്നൂർ റവന്യൂ ടവറിൽ 
പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ  ഉൽഘാടനം ചെയ്തു.മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ അർഹരായവരുടെ കൈകളിലെത്തി അവരുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിന് സാധിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യങ്ങളിലും നീതി നിഷേധിക്കപ്പെടുമ്പോഴും പരാതികൾ പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ബോർഡിന് കഴിയും. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വലിയൊരു കൈത്താങ്ങായി ബോർഡ് മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂർ  എം എൽ എ. വി കെ സനോജ് അധ്യക്ഷത വഹിച്ചു. 

2017-ലെ മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം രൂപീകരിച്ച അർദ്ധജുഡീഷ്യൽ അധികാരമുള്ള സംവിധാനമാണ് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്. മാനസികാരോഗ്യ ചികിത്സ തേടുന്നവരുടെ അന്തസ്സും സ്വകാര്യതയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുക, ചികിത്സയുടെ പേരിൽ ഉണ്ടാകുന്ന അനാവശ്യ നിയന്ത്രണങ്ങളും അവകാശലംഘനങ്ങളും തടയുക, പരാതികൾ പരിശോധിച്ച് പരിഹാരം കാണുക എന്നിവയാണ് ബോർഡിന്റെ പ്രധാന ലക്ഷ്യങ്ങൾ. രോഗികളുടെ അഡ്വാൻസ് ഡയറക്ടീവുകൾ രജിസ്റ്റർ ചെയ്യുകയും പുനഃപരിശോധിക്കുകയും ചെയ്യുക, സമ്മതമില്ലാതെയുള്ള ആശുപത്രി പ്രവേശനവും ചികിത്സയും നിയമാനുസൃതമാണെന്ന് ഉറപ്പാക്കുക, മാനസികാരോഗ്യ സ്ഥാപനങ്ങൾ പരിശോധിക്കുക, ആവശ്യമായ സാഹചര്യങ്ങളിൽ നോമിനേറ്റഡ് പ്രതിനിധികളെ നിയമിക്കുക തുടങ്ങിയ ചുമതലകളും ബോർഡിനുണ്ട്.

നിലവിൽ തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നാല് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളാണ് പ്രവർത്തിച്ചിവരുന്നത്. കണ്ണൂരിൽ അഞ്ചാമത്തെ ബോർഡ് കൂടി ആരംഭിച്ചതോടെ സംസ്ഥാനത്തെ ബോർഡുകളുടെ പ്രവർത്തനം കൂടുതൽ ജില്ലകളിലേക്ക് വ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളാണ് മട്ടന്നൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിന്റെ അധികാരപരിധിയിൽ ഉൾപ്പെടുന്നത്.  റിട്ടയേർഡ് ജില്ലാ ജഡ്ജി എ ശങ്കരൻ നായരാണ്  ബോർഡിന്റെ ചെയർപേഴ്സൺ .

മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ എൻ  ഷാജിത്ത് മാസ്റ്റർ, മട്ടന്നൂർ നഗരസഭ കൗൺസിലർ പി പ്രജില , സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മിലി ബാബു, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് സൂപ്രണ്ട് പി വി ഷൈലേഷ് ,ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. വിവേക് കുമാർ ആർ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി അബൂബക്കർ, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗവും ഡി എം എച്ച് പി ജില്ലാ നോഡൽ ഓഫീസറുമായ ഡോ. ശരത് എസ് നായർ തുടങ്ങിയവർ പങ്കെടുത്തു.

date