Skip to main content

ദേശീയപാത വികസനം സമയബന്ധിതമായി യാഥാർഥ്യമാക്കും, ജലപാത 2020ൽ - മുഖ്യമന്ത്രി പിണറായി വിജയൻ

 

* കരമന-കളിയിക്കാവിള പാത: പ്രാവച്ചമ്പലം-കൊടിനട റീച്ചിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു

 

ദേശീയപാത വികസനം സമയബന്ധിതമായി യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവളം-ബേക്കൽ ജലപാത അടുത്തവർഷം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള റീച്ചിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

േദശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടുപോകാത്ത അവസ്ഥയിൽനിന്ന് മാറ്റി 45 മീറ്റർ വീതിയിൽ പാതവികസനം യാഥാർഥ്യമാക്കാനുള്ള നടപടികളുമായാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്. സ്ഥലമെടുപ്പ് ഏറെക്കുറേ പൂർത്തിയായി. സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിച്ച് കാസർകോട്ടെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം റീച്ചുകളുടെ ടെണ്ടർ നടപടികളിലാണിപ്പോൾ. ദേശീയപാതയ്ക്ക് പുറമേ, ഗതാഗതപ്രശ്‌നങ്ങൾ പരിഹാരമുണ്ടാക്കാനാണ് മലയോര, തീരദേശ ഹൈവേകൾ കൂടി വേണം എന്ന് തീരുമാനിച്ചത്. ഇതിനാവശ്യമായ 10,000 കോടി രൂപ പൂർണമായി സംസ്ഥാനസർക്കാർ ചെലവഴിക്കും. സമയബന്ധിതമായി ഈ ഹൈവേകളും പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. 

കാലങ്ങളായി കേൾക്കുന്ന കോവളം മുതൽ കാസർകോട് ബേക്കൽ വരെയുള്ള ജലപാത യാഥാർഥ്യമാകില്ലെന്നാണ് ജനങ്ങൾ കരുതിയത്. ഇതാണ് പൂർത്തികരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുനീങ്ങിയിരിക്കുന്നത്. കേരളത്തിലെത്തുന്ന ഏതൊരു വിനോദസഞ്ചാരികൾക്കും ഏറെ ആകർഷകമായിരിക്കും ഈ ജലപാതയിലൂടെയുള്ള യാത്ര. ഈ പാതയിൽ ഓരോ 25 കിലോമീറ്ററിലും ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ടാകും. ഇവിടങ്ങളിൽ വിനോദസഞ്ചാരികൾക്ക് ഇറങ്ങാനും കാഴ്ചകൾ ആസ്വദിക്കാനും നാടൻ ഭക്ഷണം കഴിക്കാനും അവസരമുണ്ടാകും. റെയിൽവേ സൗകര്യം വികസിപ്പിക്കാൻ സെമി ഹൈസ്പീഡ് റെയിൽ നിലവിലുള്ള റെയിൽപാതയ്ക്ക് സമാന്തരമായി ഇടാനാണ് ശ്രമിക്കുന്നത്. ഇതിനായി കേരള റെയിൽ ഡെവലപ്‌മെൻറ് കോർപറേഷൻ രൂപീകരിച്ച് പ്രാരംഭഘട്ടത്തിലാണ്.

വിമാനയാത്രാ സൗകര്യം കൂട്ടുന്നതിന്റെ ഭാഗമായി നാലാമത് വിമാനത്താവളം കണ്ണൂരിൽ യാഥാർഥ്യമായിട്ടുണ്ട്. ഇതിനുപുറമേ, ശബരിമല വിമാനത്താവളം ഒരുക്കാനുള്ള നടപടികൾ പ്രാരംഭഘട്ടത്തിയാണ്.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ ഏറ്റവും നല്ല സൗകര്യം ഒരുക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ തിരുപ്പതി മാതൃകയിൽ ഏറ്റവും നല്ല തീർഥാടനകേന്ദ്രമായി ഉയർത്തുന്നതിന്റെ കൂടി ഭാഗമാണ് വിമാനത്താവളം ആരംഭിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനാണ് കേന്ദ്രനീക്കം. വിമാനത്താവളം സംസ്ഥാനത്തിന് നടത്തിപ്പിന് ലഭിക്കാൻ ലേലപ്രക്രിയയിൽ സർക്കാർ ഭാഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. മുമ്പെങ്ങുമില്ലാത്ത വികസനപ്രവർത്തനങ്ങളാണ് ഈ സർക്കാരിന്റെ കാലത്തെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. തീർഥാടകകേന്ദ്രങ്ങളിലേക്കുള്ള റോഡുകൾക്ക് സർക്കാർ പ്രത്യേകശ്രദ്ധ നൽകുന്നുണ്ട്. സർക്കാരിന്റെ 1000 ദിനങ്ങളോടനുബന്ധിച്ച് 1000 പുതിയ നിർമാണപ്രവർത്തനങ്ങൾ എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രാവച്ചമ്പലം രാജപാതയിൽ താമസിക്കുന്ന 22 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജായി സർക്കാർ ഓരോ കുടുംബത്തിനും മൂന്നുസെൻറ് ഭൂമി വീതം നൽകുന്നതിന്റെ പട്ടയവിതരണം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. വികസനപ്രവർത്തനങ്ങൾക്ക് ഭൂമി നൽകുന്നവരുടെ പുനരധിവാസവും ഉറപ്പാക്കുന്ന സർക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഐ.ബി. സതീഷ് എം.എൽ.എ സ്വാഗതം ആശംസിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർ വി.വി. ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർ എം. അശോക്കുമാർ നന്ദി പറഞ്ഞു.

ഡോ.എ. സമ്പത്ത് എം.പി, എം.എൽ.എമാരായ കെ.ആൻസലൻ, സി.കെ. ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, നേമം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തള, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മല്ലികാ വിജയൻ, ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്.കെ. പ്രീജ, സി. ലതാകുമാരി, പള്ളിച്ചൽ ഗ്രാമപഞ്ചായത്തംഗം ഗീതകുമാരി, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ എം.എം. ബഷീർ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.

കരമന-കളിയിക്കാവിള നാലുവരി പാതയുടെ ഒന്നാംഘട്ടത്തിലെ രണ്ടാംറീച്ചായ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള അഞ്ചു കിലോമീറ്ററിന്റെ നിർമാണപ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. 30.2 മീറ്ററിൽ വീതിയിലുള്ള റോഡിൽ ഇരുവശത്തും 10.5 മീറ്റർ വീതിയും മധ്യഭാഗത്ത് മൂന്ന് മീറ്റർ മീഡിയനും 1.5 മീറ്റർ കാൽനടപാതയും 1.6 മീറ്റർ വീതിയിൽ യൂട്ടിലിറ്റി കോറിഡോറുമുണ്ട്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമായും സംസ്ഥാന സർക്കാരിന്റെ ചെലവിൽ നിർമിക്കുന്ന റോഡിന്റെ നിർമാണചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. 

പി.എൻ.എക്സ്.  287/19

date