Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന  മുഴുവന്‍ വിദ്യാഭ്യാസ സഹായവും കുടുംബി സമുദായത്തിന്  ലഭിക്കും

കൊച്ചി: സംസ്ഥാനത്തെ ഒഇസി ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ വരുമാനപരിധി ഇല്ലാതെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്  ലഭിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സഹായവും കുടുംബി സമുദായത്തിന്  ലഭിക്കും. പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഒഇസി  പ്രീമെട്രിക്,  പോസ്റ്റ്‌മെട്രിക് സഹായം, മത്സരപരീക്ഷകള്‍ക്ക് ധനസഹായം അനുവദിക്കുന്ന എംപ്ലോയ്‌മെന്റ് പ്രോഗ്രാം, വിദേശ ധനസഹായം അനുവദിക്കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് എന്നീ പദ്ധതികള്‍ക്ക് കുടുംബി സമുദായം അര്‍ഹരാണ്. 

 

കുടുംബി സമുദായങ്ങളുടെ തൊഴില്‍, വിദ്യാഭ്യാസം, പാര്‍പ്പിടം പുനരധിവാസം തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നിയമസഭയില്‍  പി ടി തോമസ് എംഎല്‍എ അവതരിപ്പിച്ച  പ്രമേയത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍  ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

 

 

പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ എന്നിവയുടെ പ്രയോജനവും ലൈഫ് പദ്ധതി ആനുകൂല്യത്തിനും ഇവര്‍ അര്‍ഹരാണ്. കൂടാതെ കുടിശ്ശിക ഇല്ലാതെ ഒഇസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 189 കോടി രൂപ കുടിശ്ശിക ഉണ്ടായിരുന്ന ഒഇസി  വിദ്യാഭ്യാസ ആനുകൂല്യത്തിന്റെ കുടിശ്ശിക മുഴുവനായും കൊടുത്തുതീര്‍ത്തു. ബജറ്റ് വിഹിതമായി ലഭിച്ച 223 കോടി രൂപയ്ക്ക് പുറമേ 200 കോടി രൂപ കൂടി അനുവദിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 753 കോടി രൂപയാണ്  വിതരണം ചെയ്തത്. 

 

ഉദ്യോഗ നിയമനങ്ങളില്‍ കുടുംബി  സഹായത്തിന് റെസിഡ്യൂയല്‍ ഒ ബി സി  എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലും ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളിലും ഒരു ശതമാനം സംവരണവും അനുവദിച്ചിട്ടുണ്ട്. സാധാരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോഴ്‌സുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പം മൂന്ന് ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

date