സര്‍ക്കാരിന്റെ ആയിരം ദിനം: വിപൂലമായ ആഘോഷ പരിപാടികളോടെ നടത്തും
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കാന്‍ ആലോചനയോഗം ചേര്‍ന്നു. പരിപാടികളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. എല്ലാ വകുപ്പുകളും പ്രവൃത്തി പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മൂന്നാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി നടത്താന്‍ നിശ്ചയിച്ച പരിപാടികളും ഈ ദിവസങ്ങളില്‍ നടത്തണം. എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനവും സഹകരണവും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
ആയിരം ദിവസം ആയിരം പദ്ധതികള്‍ പതിനായിരം കോടിയുടെ വികസനം എന്ന മൂദ്രാവാക്യവുമായി ഫെബ്രുവരി 20 മുതല്‍ 27 വരെ ബീച്ചിലാണ് പരിപാടികള്‍ നടക്കുക. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ ഉത്പ്പന്ന- പ്രദര്‍ശന- വിപണന മേള നടത്തും. വിവിധ വകുപ്പുകളുടെ 150 സ്റ്റാളുകളാണ് ഇക്കുറി മേളയില്‍ ഉണ്ടാവുക.
വര്‍ണ്ണ ശബളമായ ഘോഷയാത്ര സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച് ബീച്ചില്‍ സമാപിക്കും. ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസുകള്‍, പഞ്ചായത്തുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്, ജെആര്‍സി, എന്‍സിസി, എന്‍എസ്എസ്, പ്രവാസികള്‍, വ്യാപാരിവ്യവസായ സംഘടനകള്‍, യുവജനസംഘടനകള്‍, തൊഴിലാളി സംഘടനകള്‍, സാക്ഷരത പ്രവര്‍ത്തകര്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ആരോഗ്യം, കൃഷി, സാമൂഹ്യ നീതി, ഇന്‍ഡസ്ട്രീസ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, വിദ്യാഭ്യാസം, എക്‌സൈസ് എന്നീ വകുപ്പുകളുടെ വികസന സെമിനാറും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും നടക്കും. ഫെബ്രുവരി 23,24,25 തിയ്യതികളില്‍ ഡോക്യു ഫെസ്റ്റ് സംഘടിപ്പിക്കും. നാടക-സിനിമാ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. വിവിധ വകുപ്പുകളുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ആരംഭിക്കാവുന്ന പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടത്തും.
എം.എല്‍.എമാരായ എ.പ്രദീപ് കുമാര്‍, ഇ.കെ വിജയന്‍, പി.ടി.എ റഹീം, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശരി, ജില്ലാ കലക്ടര്‍ സാംബശിവ റാവു, എ.ഡി.എം റോഷ്നി നാരായണന്‍ അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അജ്ഞു, ഇന്‍ഫര്‍മേഷന്‍& പബ്ലിക്ക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments