Skip to main content

പഞ്ചായത്ത്‌ ദിനാഘോഷം :  മൊബൈല്‍ ആപ്‌ പുറത്തിറക്കി

പഞ്ചായത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ പ്രതിനിധികള്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്‍ പ്രകാശനം ചെയ്‌തു. പ്രതിനിധികള്‍ക്ക്‌ വേദിയില്‍ എത്തിച്ചേരുന്നതിനു സഹായകമാകുന്ന റൂട്ട്‌ മാപ്‌, താമസം സ്ഥലം സംബന്ധമായ റൂട്‌ മാപ്‌, പ്രോഗ്രാ വിശദ വിവരങ്ങള്‍, തത്സമയ വീഡിയോ, വിവിധ സബ്‌ കമ്മിറ്റി / വോളണ്ടിയര്‍ കോണ്‍ടാക്ട്‌ നമ്പര്‍, തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.കൂടാതെ പ്രധിനിധികളുടെ രജിസ്‌ട്രേഷനും, റൂം ബുക്കിങ്‌ ആവശ്യമായ വെബ്‌സൈറ്റ്‌ നിര്‍മ്മിച്ചിട്ടുണ്ട്‌. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജീവനക്കാരായ നിധിന്‍ രവീന്ദ്രന്‌ , ഭാഗ്യനാഥ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ആപ്‌ തയ്യാറാക്കിയത്‌. പഞ്ചായത്ത്‌ അഡിഷണല്‍ ഡയറക്ടര്‍ എം പി അജിത്‌ കുമാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിയ്‌ക്കും. തൃശൂര്‍ രാമനിലയത്തില്‍ നടന്ന പഞ്ചായത്ത്‌ ദിനാഘോഷ അവലോകന കമ്മിറ്റി യോഗത്തിലാണ്‌ ഈ ആപ്‌ മന്ത്രി പ്രകാശനം ചെയ്‌തത്‌. ഫെബ്രുവരി 18, 19 തിയ്യതികളില്‍ അയ്യന്തോള്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ്‌ പഞ്ചായത്ത്‌ ദിനാഘോഷം നടക്കുക. ഈ പരിപാടിയുടെ വിവിധ നടത്തിപ്പ്‌ കമ്മിറ്റികളുടെ പ്രവര്‍ത്തന പുരോഗതിയാണ്‌ യോഗം വിലയിരുത്തിയത്‌. പരിപാടിയോട്‌ അനുബന്ധിച്ചു തെക്കേ ഗോപുര നടയില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പഞ്ചായത്തുകളുടെ എക്‌സിബിഷനും ,കുടുംബശ്രീ മിഷന്റെ ഫുഡ്‌ കോര്‍ട്ടും 14 ജില്ലകളില്‍ നിന്നും വിജയിച്ചു വന്ന ഉദ്യോഗസ്ഥ മത്സരാര്‍ത്ഥികളുടെ ക്വിസ്‌ മല്‍സരവും ആസ്സാം, ഗുജറാത്ത്‌, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ കലാവിരുന്നും തേക്കിന്‍കാട്‌ മൈതാനിയില്‍ ഫെബ്രുവരി 16 നു പൊതുഇടങ്ങളും പെണ്‍അതിരുകളും എന്ന വിഷയത്തില്‍ സെമിനാറും ഉണ്ടാകും. കേരള ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ കെ തുളസിഭായ്‌, ജനറല്‍ കണ്‍വീനര്‍ ആന്‍ഡ്‌ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ്‌ ജോണ്‍, കേരള ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ ജില്ല സെക്രട്ടറി പി എസ്‌ വിനയന്‍ കില ഡയറക്ടര്‍ ജോയ്‌ ഇളമണ്‍ വിവിധ പഞ്ചായത്ത്‌ ബ്ലോക്ക്‌ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date