Skip to main content

ഐ എച്ച്‌ ആര്‍ ഡി കോളേജ്‌ ഓഫ്‌ അപ്ലൈഡ്‌  സയന്‍സ്‌ നാടിന്‌ സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴില്‍ എറിയാട്‌ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോളേജ്‌ ഓഫ്‌ അപ്ലൈഡ്‌ സയന്‍സിന്റെ പുതിയ കെട്ടിടം സംസ്ഥാന കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌ സുനില്‍കുമാര്‍ നാടിന്‌ സമര്‍പ്പിച്ചു. ബികോം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്‌. സിഎന്നീ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ഐ.എച്ച്‌.ആര്‍.ഡി.യുടെ കീഴില്‍ നിലവില്‍ എടവിലങ്ങ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്‌ കോളേജ്‌ പ്രവര്‍ത്തിച്ചു വന്നിരുന്നത്‌. സാമൂഹ്യപ്രവര്‍ത്തകനായ അമീര്‍ അഹമ്മദ്‌ എറിയാട്‌ കേരളവര്‍മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ സമീപത്തായി നല്‍കിയ 50 സെന്‍റ്‌ സ്ഥലത്ത്‌ അഡ്വ.വി.എസ്‌ സുനില്‍കുമാര്‍ കൈപ്പമംഗലം നിയോജകമണ്ഡലം എം.എല്‍.എ ആയിരുന്ന സമയത്ത്‌ ആസ്‌തി വികസന ഫണ്ടില്‍ നിന്ന്‌ അനുവദിച്ച മൂന്ന്‌ കോടി രൂപ ഉപയോഗിച്ചാണ്‌ പദ്ധതി പൂര്‍ത്തീകരിച്ചത്‌. കെട്ടിടം നിര്‍മ്മിക്കാന്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റീല്‍ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിനായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണ-നിര്‍വ്വഹണ ചുമതല. തീരദേശമേഖലയുടെ പ്രാഥമികാവശ്യം വിദ്യാഭ്യാസസ്ഥാപനങ്ങാളാകണമെന്നും അതിലൂടെയാണ്‌ തീരദേശത്തിന്റെ ഭാവിയ്‌ക്ക്‌ അടിത്തറ പാകാനാകൂ എന്നും ഉദ്‌ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കോളേജിന്‌ സ്ഥലം സൗജന്യമായി നല്‍കിയ അമീര്‍അഹമ്മദിനെ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ മോമന്റോ നല്‍കി ആദരിച്ചു. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എംഎല്‍എ ഐ.എച്ച്‌.ആര്‍ ഡി കോളേജ്‌ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ കെ. കെ അബീദലി, എറിയാട്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ പ്രസാദിനി മോഹനന്‍, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ നൗഷാദ്‌ കൈതവളപ്പില്‍, ബി.ജി. വിഷ്‌ണു, സില്‍ക്ക്‌ എം.ഡി. ചന്ദ്രബോസ്‌, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date