Skip to main content

സര്‍ക്കാരിന്റെആയിരംദിനം വികസന വാര്‍ത്തകള്‍ മൂന്നു വര്‍ഷത്തിനിടെ ജില്ലയില്‍ ആരംഭിച്ചത് 3248 ചെറുകിട വ്യവസായ യൂനിറ്റുകള്‍

ചെറുകിട വ്യവസായ മേഖലയില്‍ വന്‍ മുന്നേറ്റമാണ് കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ജില്ലയിലുണ്ടായത്. 3248 ചെറുകിട വ്യവസായ യൂനിറ്റുകള്‍ ഈ കാലയളവില്‍ ജില്ലയില്‍ തുടങ്ങി. ഇതു വഴി 12601 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 2016-17 വര്‍ഷത്തില്‍ 148.83 കോടി രൂപ നിക്ഷേപിച്ച്  ആകെ 1316 ചെറുകിട വ്യവസായ യൂനിറ്റുകളിലായി 5286 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. 2017-18 ല്‍ 109.62 കോടി രൂപ നിക്ഷേപത്തില്‍ 1200 സംരംഭങ്ങളിലായി 4260 പേര്‍ക്കും 2018-19 ല്‍ 72.67 കോടിയുടെ നിക്ഷേപത്തില്‍ 732 സംരംഭങ്ങളിലായി 3055 പേര്‍ക്കും തൊഴില്‍ ലഭ്യമായി.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ സഹായ പദ്ധതി വഴി ജില്ലയില്‍ 2016-17 വര്‍ഷത്തില്‍ 75 യൂനിറ്റുകള്‍ക്കായി ആകെ 2.52 കോടി രൂപയും 2017-18 വര്‍ഷത്തില്‍ 109 യൂനിറ്റുകള്‍ക്കായി 4.64 കോടി രൂപയും വിതരണം ചെയ്തു.  ഈ സാമ്പത്തിക വര്‍ഷം 96 യൂനിറ്റുകള്‍ക്കായി 438.48 ലക്ഷം രൂപയും വിതരണം ചെയ്തു.  2019 മാര്‍ച്ചിനകം മൂന്ന് യൂനിറ്റുകള്‍ക്കായി 19.29 ലക്ഷം രൂപ കൂടി വിതരണം ചെയ്യും. ഉത്പാദന മേഖലയിലെ പുതിയ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് അവയുടെ സ്ഥിരനിക്ഷേപത്തിന്റെ 15 ശതമാനം മുതല്‍ 30 ശതമാനം വരെ സബ്സിഡി അനുവദിക്കുന്ന പദ്ധതിയാണ് സംരംഭകത്വ സഹായ പദ്ധതി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ഇ.ജി.പി വഴി ജില്ലയില്‍ മൂന്നു വര്‍ഷത്തിനിടെ 191 യൂനിറ്റുകള്‍ക്കായി 4.64 കോടി രൂപ സബ്‌സിഡിയായി നല്‍കി. കരകൗശല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സംരംഭങ്ങളെ കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നതിന് ആശ പദ്ധതി വഴി 2.78 ലക്ഷം രൂപയും വിതരണം ചെയ്തു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സജ്ജമാക്കുന്നതിനും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സാധ്യതകളും മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനുമായി ജില്ലയിലെ 96 കോളേജുകളില്‍ ഇ.ഡി ക്ലബ്ബുകള്‍ രൂപീകരിച്ചു. പ്രമുഖ വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള അഞ്ച് വീതം സംഗമങ്ങളും മൂന്നു വര്‍ഷത്തിനിടെ ജില്ലയില്‍ നടന്നു.
ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 257 അങ്കണവാടികള്‍
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 257 അങ്കണവാടികള്‍. സര്‍ക്കാരിന്റെ  വിവിധ സ്‌കീമുകളിലായാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 165 അങ്കണവാടി കെട്ടിടങ്ങളുടെ പണി പുരോഗമിച്ചുവരികയാണ്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി 261 അങ്കണവാടികള്‍ക്ക് വൈദ്യുതി ലഭിച്ചു.  52 അങ്കണവാടികള്‍ക്ക് പുതിയതായി സ്ഥലം കണ്ടെത്തുകയും  കെട്ടിട നിര്‍മ്മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയുമാണെന്ന് വനിതാ ശിശു വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ അങ്കണവാടികളിലും സോഷ്യല്‍ ഓഡിറ്റ് നടത്തി സുതാര്യതയും പൊതുജന പങ്കാളിത്തവും ഉറപ്പു വരുത്താന്‍ കഴിഞ്ഞുവെന്നും ഡയറക്ടര്‍ പറഞ്ഞു

 

date