സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശ്വാസമായി പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സെന്റര്‍
ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയം നല്‍കാനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തുന്നത് നിരവധി കേസുകള്‍. ചെറുതും വലുതുമായ ആകെ 72 കേസുകളില്‍ 69 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും രണ്ട് പേര്‍ക്ക് സ്‌പെഷല്‍ ഓര്‍ഡര്‍ പ്രകാരം മൂന്നു ദിവസത്തില്‍ കൂടുതല്‍ അഭയം നല്‍കുകയും ചെയ്തു. ആവശ്യമുള്ള കേസുകളില്‍ നിയമ പരിരക്ഷയും വണ്‍സ്റ്റോപ്പ് സെന്റര്‍ നല്‍കുന്നുണ്ട്. 187 കേസുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
സെന്ററില്‍ എത്തുന്ന കേസുകളില്‍ കൂടുതലും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. ഗാര്‍ഹിക പീഡനക്കേസുകള്‍ 60 ശതമാനവും മുതിര്‍ന്നവരുടേതാണ്.
ഗാര്‍ഹിക പീഡനം - 50, ശാരീരിക പീഡനം - 4, മാനസിക പീഡനം - 3, കാണാതാകല്‍ - 4, തൊഴിലിടത്തെ ചൂഷണം -1, മുതിര്‍ന്നവരുടെ പ്രശ്‌നങ്ങള്‍-5 താമസ സൗകര്യം നല്‍കിയവര്‍ -4, അയല്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ -1 തുടങ്ങിയ കേസുകളാണ് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഡിസംബര്‍ 30 നാണ് പെരിന്തല്‍മണ്ണയില്‍ സഖി- വണ്‍ സ്റ്റോപ് സെന്റര്‍ ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങിയത്. മാര്‍ച്ച് മുതലേ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയിരുന്നു. 47 ഓളം കേസുകളാണ് അക്കാലത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത് . അങ്കണവാടികളിലും മുന്‍സിപ്പാലിറ്റികളിലും ചെന്ന് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയതു മൂലം സ്ത്രീകള്‍ക്ക് മടി കൂടാതെ സെന്ററിനെ സമീപിക്കാനായെന്നും അധികൃതര്‍ അറിയിച്ചു.
ഒരേ സമയം അഞ്ച് പേര്‍ക്ക് അഭയം നല്‍കാനുള്ള സൗകര്യമാണ് പെരിന്തല്‍മണ്ണ പിഡബ്ല്യുഡി കോമ്പൗണ്ടിലെ വണ്‍ സ്റ്റോപ്പ് സെന്ററിലുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്ററില്‍ അടിയന്തര സഹായം, വൈദ്യസഹായം, പോലീസ് സേവനം, നിയമസഹായം, കൗണ്‍സിലിങ്, താത്ക്കാലിക സുരക്ഷിത അഭയം, വീഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങിയ സേവനങ്ങളാണ് നല്‍കുന്നത്. ഇതിനായി ഒരു സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍, ഐ ജി സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി എന്നിങ്ങനെ ഭൂരിപക്ഷം വനിതകളായ സംഘമാണുള്ളത്. ഇരകള്‍ക്ക് നേരിട്ടും പൊതു പ്രവര്‍ത്തകര്‍,ബന്ധുക്കള്‍ ,സന്നദ്ധ സേവന കേന്ദ്രങ്ങള്‍ , പോലീസ്, വനിതാ ഹെല്‍പ് ലൈനുകള്‍ , ടോള്‍ ഫ്രീ നമ്പറായ (മിത്ര) - 181 എന്നിവ മുഖേന കേന്ദ്രത്തില്‍ ബന്ധപ്പെടാം.
ഗാര്‍ഹിക പീഡനം, മാനഭംഗം, ആസിഡ് ആക്രമണം, മനുഷ്യക്കടത്ത് എന്നിവ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും പീഡനം അനുഭവിക്കുന്ന 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് വണ്‍ സ്റ്റോപ് സെന്റററുകള്‍ പ്രവര്‍ത്തിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കേന്ദ്ര സഹായത്തോടെയാണ് പ്രവര്‍ത്തനം.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് മലപ്പുറം ജില്ലക്ക് വണ്‍ സ്റ്റോപ്പ് സെന്റര്‍ അനുവദിച്ചു കിട്ടിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
- Log in to post comments