വിദ്യാഭ്യാസ- കായിക വികസനത്തിനായി കുന്നന്താനത്ത് സൊസൈറ്റി
മധ്യതിരുവിതാംകൂറിലെ വിദ്യാഭ്യാസ-കായിക-വികസന കുതിപ്പിന് പുതിയ പാത തെളിക്കുവാന്‍ കുന്നന്താനം പഞ്ചായത്തിലെ പാലയ്ക്കല്‍ത്തകിടിയില്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ എഡ്യുക്കേഷന്‍, സ്പോര്‍ട്സ് ആന്‍ഡ് ഡവലപ്മെന്റ് സൊസൈറ്റി രൂപീകരിക്കുന്നു. സൊസൈറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ആലോചന യോഗവും ഗണിത ക്ലാസ്സുകളും പാലയ്ക്കല്‍ത്തകിടി സെന്റ്.മേരീസ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബി.സുനീലാദേവി ഉദ്ഘാടനം ചെയ്തു. ഗണിത പരിശീലനം കൂടാതെ മറ്റ് ശാസ്ത്ര വിഷയങ്ങള്‍ക്കുള്ള പരിശീലനം, ഇംഗ്ലീഷ് ഭാഷാ നൈപുണ്യത്തിനും കരിയര്‍ ഗൈഡന്‍സിനും, പിഎസ്സി, ബാങ്ക് കോച്ചിംഗുകള്‍, സിവില്‍ സര്‍വീസ് പരീക്ഷകള്‍ എന്നിവക്കുള്ള പ്രത്യേക പരിശീലനങ്ങളും, കായിക പരിശീലനങ്ങളും, കാര്‍ഷിക-വ്യാവസായിക ഇടപെടലുകള്‍ തുടങ്ങി സമൂഹം ആഗ്രഹിക്കുന്ന നേര്‍വഴികള്‍ തെളിച്ച് മുന്നേറുന്നതിനാണ് ഗ്രാമവാസികളുടെ കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസമായി എസ്എസ്എല്‍സി ബാച്ചിനായി നടത്തി വരുന്ന ഗണിത ക്ലാസ്സുകള്‍ക്ക് ലഭിച്ച പിന്തുണയാണ് ഇത്തരം ഒരു ആശയം നടപ്പാക്കുവാന്‍ പ്രേരണയായതെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി.സുബിന്‍ പറഞ്ഞു. ക്ലാസുകള്‍ കുന്നന്താനം മുക്കൂറിലുള്ള വാടക കെട്ടിടത്തിലാണ് നടത്തുന്നത്. എസ്എസ്എല്‍സി ബാച്ചിന് ക്ലാസുകള്‍ എടുക്കുന്നത് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മുകുളം പദ്ധതിയുടെ ഫാക്കല്‍റ്റി അംഗങ്ങളാണ്. ആദ്യഘട്ടത്തില്‍ അടുത്ത വര്‍ഷത്തെ അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ട് ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സിലബസ് വ്യത്യാസമില്ലാതെയുള്ള പരിശീലനങ്ങളും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കായുള്ള പ്രത്യേക പരിശീലനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കും. സിബിഎസ്ഇ, ഐസിഎസ്സി, കേരള തുടങ്ങിയ എല്ലാ സിലബസിലുള്ളവര്‍ക്കും പങ്കെടുക്കാം.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശശികുമാര്‍, മുന്‍ ഗ്രാമപഞ്ചായത്തംഗം ജോയല്‍ ജോണ്‍സണ്‍, കുന്നന്താനം സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡംഗം കെ.ജെ ജ്യോതി, ആര്‍ച്ചറി കണ്ണൂര്‍ ജില്ല അസോസിയേഷന്‍ സെക്രട്ടറി രാജഗോപാല്‍, എസ്.രാജേഷ്‌കുമാര്‍, പി.എം ജേക്കബ്, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീരഞ്ജിന സലി, നിത്യ, പി.വി സലി, വിനോദ് നന്ദനം, ബിനു അമ്മൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 525/19)
- Log in to post comments