Skip to main content

ആയിരം ദിനാഘോഷം ; 80 പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കും

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ എണ്‍പതോളം പ്രദര്‍ശന സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും ഒരുക്കും. പ്രധാന വേദിയാവുന്ന കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയാണ് പ്രദര്‍ശന സ്റ്റാളുകളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഫുഡ്‌കോര്‍ട്ടും ഒരുക്കുക. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തോടൊപ്പം എല്ലാ ദിവസവും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കും. ജില്ലാ-താലൂക്ക് തലത്തില്‍ സമിതികളും ഉപസമിതികളും രൂപീകരിച്ച് വിവിധ പരിപാടികള്‍ ഏകോപിപ്പിക്കും. താലൂക്ക് തലത്തില്‍ മൂന്നു പരിപാടികളും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം 21ന് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ അവധി ദിവസമായ 24ന് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ക്വിസ് പരിപാടി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആയിരം ദിനാഘോഷത്തിന്റെ വിജയിത്തിനും ഏകോപനത്തിനുമായി പ്രോഗ്രാം, എക്‌സിബിഷന്‍, സെമിനാര്‍, സാംസ്‌കാരികം, ടെക്‌നിക്കല്‍, ശുചിത്വം, ഭക്ഷണം, റിസപ്ഷന്‍, വളണ്ടിയര്‍ വിഭാഗങ്ങളിലായി ഉപസമിതികളും രൂപീകരിച്ചു. ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്നതാണ് വിവിധ സമിതികള്‍. ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് ആഘോഷപരിപാടികള്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ. അജീഷ് അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date