Skip to main content

എക്‌സൈസ് കോംപ്ലക്‌സ്;  നടപടികള്‍ ദ്രുതഗതിയില്‍ 

 

* എക്‌സൈസ് ടവര്‍ യാഥാര്‍ത്ഥ്യമാവും

സുല്‍ത്താന്‍ ബത്തേരിയില്‍ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ദ്രുതഗതിയില്‍. കൈമാറിക്കിട്ടിയ റവന്യൂഭൂമിയില്‍ കെട്ടിടം നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും എക്‌സൈസ് കമ്മീഷണറുടെ പരിഗണനയിലാണ്. കുപ്പാടി വില്ലേജില്‍ ബ്ലോക്ക് 16ല്‍ റീസര്‍വേ നമ്പര്‍ 37ല്‍പെടുന്ന 0.8460 ഹെക്ടര്‍ റവന്യൂഭൂമിയില്‍ നിന്ന് 0.2024 ഹെക്ടറാണ് 2018 ആഗസ്റ്റില്‍ എക്‌സൈസ് വകുപ്പിന് കൈമാറിയത്. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, റേഞ്ച് ഓഫിസ്, എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നീ ഓഫിസുകളാണ് പുതിയ കെട്ടിടത്തില്‍ സജ്ജമാവുക.  അതേസമയം, മാനന്തവാടി എക്‌സൈസ് കോംപ്ലക്‌സ് നിര്‍മാണം പുരോഗമിക്കുകയാണ്. 2018 മെയ് 29ന് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. 2.35 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളായാണ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്. എഴുപത്തിയഞ്ച് ലക്ഷം രൂപ ചെലവില്‍ ഗ്രൗണ്ട് ഫ്‌ളോറിന്റെ നിര്‍മാണ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. മിനിസിവില്‍ സ്റ്റേഷന് സമീപം റവന്യൂവകുപ്പ് അനുവദിച്ച 25 സെന്റ് ഭൂമിയിലാണ് കെട്ടിടം. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, റേഞ്ച് ഓഫിസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫിസ് എന്നിവ ഇതോടെ ഒരുകുടക്കീഴിലാവും. ഗ്രൗണ്ട് ഫ്‌ളോറില്‍ റേഞ്ച് ഓഫിസും ഒന്നാം നിലയില്‍ സര്‍ക്കിള്‍ ഓഫിസും രണ്ടാംനിലയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫിസും പ്രവര്‍ത്തിക്കും. മൂന്നാംനിലയാണ് കോണ്‍ഫറന്‍സ് ഹാള്‍. വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ക്ക് പ്രത്യേകം മുറികള്‍ 1058 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള കോംപ്ലക്‌സിലുണ്ടാവും. 

ജില്ലയില്‍ എക്‌സൈസ് ടവര്‍ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ടവറിന് അനുയോജ്യമായ ഭൂമി കണ്ടെത്തിയാല്‍ ഉടന്‍ തുടര്‍നടപടികളുണ്ടാവുമെന്ന് വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണ്‍ അറിയിച്ചു. 10 കോടി രൂപ ചെലവിലാണ് ജില്ലയില്‍ എക്‌സൈസ് ടവര്‍ സ്ഥാപിക്കുക. 

 

date