കെയര്‍ഹോം പദ്ധതി : സഹകരണ തൂവല്‍സ്പര്‍ശം ശ്രമദാനം ശ്രദ്ധേയമായി
കെയര്‍ഹോം ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടുകളുടെ ഗുണഭോക്താക്കള്‍ക്ക് ആശ്വാസ സ്പര്‍ശവുമായി സഹകരണവകുപ്പ്. സഹകരണ തൂവല്‍സ്പര്‍ശം 2019 എന്ന പേരില്‍ ജനകീയ ശ്രമദാന പരിപാടിയിലൂടെ കെയര്‍ഹോം ഗുണഭോക്താക്കള്‍ക്ക് നിര്‍മാണ സാമഗ്രികള്‍ സ്ഥലത്തെത്തിച്ചു നല്കി. റോഡ് സൗകര്യമില്ലാത്തതിനാല്‍ നിര്‍മാണ സാമഗ്രികളുടെ കയറ്റിറക്കത്തിന് തുക കണ്ടെത്താന്‍ ഗുണഭോക്താക്കള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സഹകരണവകുപ്പ് ശ്രമദാനം പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ പ്രമുഖ സഹകാരികള്‍, സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന് നേതാക്കള്‍, സംഘം പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ സംയുക്തമായാണ് സഹകരണ തൂവല്‍സ്പര്‍ശം ജനകീയ ശ്രമദാന പരിപാടിയിലൂടെ കെയര്‍ഹോം ഗുണഭോക്താക്കള്‍ക്ക് നിര്‍മാണ സാമഗ്രികള്‍ സ്ഥലത്തെത്തിച്ചു നല്‍കിയത്. വീട് നിര്‍മിക്കുന്ന സ്ഥലത്തേക്ക് നേരിട്ട് ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ സാമഗ്രികളുടെ കയറ്റിറക്കത്തിന് ബുദ്ധിമുട്ട് നേരിട്ട റാന്നി താലൂക്കിലെ അയിരൂര്‍ വരമ്പേല് പീടികയില്‍ ശോശാമ്മ മാത്യു, ചെറുകോല്‍ മാളിയേക്കല്‍ മുരളീധരന്‍നായര്‍, തിരുവല്ല താലൂക്കില്‍ നിരണം മണിയങ്കേരില്‍ എം.കെ സുരേന്ദ്രന്, ഇരവിപേരൂര്‍ വള്ളംകുളം പള്ളത്തുവീട്ടില്‍ മണിയമ്മ, അടൂര്‍ താലൂക്കില്‍ മുടിയോര്ക്കോണം കല്ലൂര്‍ക്കാട്ട് ഭാരതി എന്നിവര്‍ക്ക് മെറ്റല്‍, സിമന്റ് ബ്ലോക്ക്, മണല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഭവന നിര്‍മാണ സാമഗ്രികള്‍ ശ്രമദാനത്തിലൂടെ സൈറ്റില്‍ എത്തിച്ചുനല്‍കി.
സഹകരണവകുപ്പിന്റെ കീഴില്‍ ജില്ലയില്‍ 64 സ്പോണ്സര് സഹകരണ സ്ഥാപനങ്ങള്‍ മുഖേന നിര്‍മിച്ചു നല്‍കുന്നത് 114 വീടുകളാണ്. ഇവയുടെയെല്ലാം നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. സഹകരണ തൂവല്‍സ്പര്‍ശം ശ്രമദാന പരിപാടി ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ജോസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. കെയര്‍ഹോം നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ എം.ജി പ്രമീള, റാന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ എസ്.ബിന്ദു, ജി. അനിരുദ്ധന്, തിലകന് ഉണ്ണിത്താന്, എച്ച് അന്‍സാരി, എം.പി ഹിരണ്‍, പി.കെ അജിതകുമാരി, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ വെങ്കിടാചല ശര്‍മ്മ, എം.പി സുജാത, കോഴഞ്ചേരി ആഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗിരിജ, സ്പോണ്‍സറായ മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, സ്പോണ്സര് സംഘങ്ങള്‍ ഉള്‍പ്പെടെ സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, ട്രേഡ് യൂണിയന് അംഗങ്ങള്‍, യുവജന സംഘടനകള്‍, സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ താലൂക്കുകളിലെ ശ്രമദാന പരിപാടിയില്‍ പങ്കെടുത്തു. (പിഎന്‍പി 542/19)
- Log in to post comments