Skip to main content

ഡോക്യൂമെന്ററി ഫെസ്റ്റ് ആലോചനയോഗം ഇന്ന്

 

ലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ച് ഡോക്യുമെന്ററി  ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച് ആലോചനയോഗം ഇന്ന് (ഫെബ്രുവരി 14ന്) രാവിലെ 11.30ന് കളക്ടറേറ്റിൽ നടക്കും. ലൈബ്രറി പ്രവർത്തകർ, നാഷണൽ സർവ്വീസ് സ്‌കീം പ്രവർത്തകർ, യുവജന സംഘടന പ്രതിനിധിയായ ജില്ലയിലെ സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ മേധാവികൾ, ഫിലിം സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ജില്ല ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

 

സ്വാഗതസംഘം 14ന്

 

ആലപ്പുഴ: ഭാരത് ഭവന്റെ നേതൃത്വത്തിൽ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സഹകരണത്തോടെ ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഗാന്ധിസ്മൃതി സാസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു തോൽപ്പാവക്കൂത്ത് കലാകാരൻ രാജീവ് പുലവരും സംഘവും അവതരിപ്പിക്കുന്ന ഗാന്ധിജിയുടെ ജീവിതസന്ദേശം പ്രമേയമായ തോൽപ്പാവക്കൂത്ത്, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടോടി കലാകാരന്മാരുടെ നൃത്തം എന്നിവയാണ് അവതരിപ്പിക്കുന്നത്.

ഫെബ്രുവരി 19ന് വൈകിട്ട് അഞ്ചിന് പറവൂർ ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചേരുന്ന സാസ്‌കാരിക ജാഥയെ സ്വീകരിക്കുന്നതിനും സാസ്‌കാരികോത്സവം വിജയിപ്പിക്കുന്നതിനുമുള്ള സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് (ഫെബ്രുവരി 14) വൈകുന്നേരം നാലിന് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും. 

 

ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

 

ആലപ്പുഴ: ലഹരിജീവിതത്തിന്റെ ഭാഗമാക്കാൻ അല്ല ജീവിതം ലഹരിയാക്കാനാണ് യുവതലമുറ ശ്രമിക്കേണ്ടതെന്നു ആലപ്പുഴ മുൻസിപ്പൽ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. വിമുക്തിമിഷന്റെ ഭാഗമായി ആലപ്പുഴ നഗര സഭയും എക്‌സൈസ് ഡിപ്പാർട്ട്‌മെൻറും ചേർന്നു ആലപ്പുഴ ടൗൺ ഹാളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ ഹയർ സെക്കന്ററി സ്‌ക്കുളുകളിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ 30 വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ വെച്ച് നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഡ്വ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.ആലപ്പുഴ അസിസ്റ്റൻറ് എക്‌സൈസ് കമ്മിഷണർ കെ.കെ. അനിൽകുമാർ ,എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. മനോജ്, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ റസാഖ് ,എക്‌സൈസ് ഇൻസ്‌പെക്ടർ ബി.റെജി, നഗരസഭ കൗൺസിലർ എ.എം നൗഫൽ തുടങ്ങിയവർ സംസാരിച്ചു.

 

 

കുടുംബാരോഗ്യ കേന്ദ്രമാകുന്നു

 

അരൂർ: അരൂർ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാകുന്നു. ആർദ്രം പദ്ധതിയുടെ ഭാഗമായി  കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികൾക്ക് സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന പദ്ധതി നടപ്പാക്കുകയാണ്. വ്യാഴാഴ്ച  വൈകിട്ട് അഞ്ചിന് അരൂർ പി. എച്ച്്. സി മൈതാനത്ത് ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ  പദ്ധതിയുടെ പ്രഖ്യാപനം  നിർവഹിക്കും. അരൂർ എം. എൽ. എ. എ. എം. ആരിഫ്, ആലപ്പുഴ          എം. പി. കെ.സി വേണുഗോപാൽ എന്നിവർ പങ്കെടുക്കും.

 

മലനാട്ട് മൊഴിയും, തിണൈപെറ്റ മകളും :

സൗമ്യയുടെ പഠനക്കളരി ഡോക്യുമെന്ററി പ്രകാശനം ഇന്ന്

 

ചെങ്ങന്നൂർ :    പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മലയാളത്തിളക്കം വഴി  ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയും  തമിഴ് ബാലികയുമായ സൗമ്യ എട്ട് ദിവസത്തെ പരിശീലനം കൊണ്ട് മലയാള ഭാഷ വായിക്കാനും, എഴുതാനും പഠിച്ചു.  ഈ വിജയപാഠം ഡോക്യുമെന്ററി ചിത്രമായതിന്റെ പ്രകാശനം ഇന്ന് ( വ്യാഴം) രാവിലെ 10 മണിക്ക്   ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടക്കും.സ്‌കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ ഡോക്യുമെന്റ്‌റി പ്രകാശനം ചെയ്യും.   ചെങ്ങന്നൂർ ബി.ആർ.സി.യുടെ സഹകരണത്തോടെയാണ്  അവതരണം നടത്തുന്നത്. ഹരിപ്പാട് വി.വി.വിനോദാണ് രചന .സജ്ജൻ മേടയിലാണ് ഛായാഗ്രഹണം,  നിർവ്വഹിച്ചത് . സ്‌കൂൾ അധ്യാപകനായ ജി.രാധാകൃഷ്ണനാണ് നിർമ്മാണവും, ആവിഷ്‌കാരവും നിർവ്വഹിച്ചിരിക്കുന്നത്.

date