ഐ ആം ഫോർ ആലപ്പി വഴി കുട്ടനാട്ടിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളം
ചമ്പക്കുളം:കുട്ടനാട്ടിലെ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ശുദ്ധമായ കുടിവെള്ളം തേടി അലയേണ്ടിവരില്ല .പ്രളയത്തിനു ശേഷം സബ് കളക്ടർ വി.ആർ കൃഷ്ണതേജ തുടങ്ങിയ ഐ.ആം ഫോർ ആലപ്പി വഴി താലൂക്കിലെ 111 സ്‌കൂളുകൾക്കാണ് ശുദ്ധജലം ലഭിക്കുന്നത്. ഐ ആം ഫോർ ആലപ്പിയോടൊപ്പം-സ്യൂസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് കുട്ടനാട് താലൂക്കിലെ 111 സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ശുദ്ധജലം വിതരണം നടക്കുന്നത്. ആർ ഒ പ്ലാന്റുകൾ വഴിയാണ് ശുദ്ധജല വിതരണം ചെയ്യുക. ആലപ്പുഴയുടെ പ്രളയാനന്തര പുനരധിവാസത്തിനായി കോടി കണക്കിന് രൂപയുടെ സഹായമെത്തിക്കാൻ ഐ.ആം ഫോർ ആലപ്പി കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ പറഞ്ഞു.പ്രളയാനന്തര പ്രവർത്തനങ്ങൾക്കായി ആലപ്പുഴയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സബ്ബ് കളക്ടർ വി.ആർ കൃഷ്ണതേജ പറഞ്ഞു.ഇതുവരെ നിരവധിപേർക്കാണ് ഐ ആം ഫോർ ആലപ്പി വഴി സഹായമെത്തിച്ചത്. നവമാധ്യമങ്ങളിലൂടെയാണ് ഐ ആം ഫോർ ആലപ്പി ഹിറ്റായത്.പ്രളയത്തിൽ ജീവനോപാധി നഷ്ടപ്പെട്ട കർഷകർക്ക് കറവപ്പശുക്കളെ നൽകൽ, വിദ്യാലയങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കൽ തുടങ്ങീ വിവിധ പരിപാടികളാണ് ഐ ആം ഫോർ ആലപ്പി വഴി ജില്ലയിൽ നടപ്പിലാക്കിയത്.
- Log in to post comments