ഉജ്ജീവന വായ്പാ പദ്ധതി: പരമാവധി പേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍
പത്ത് ദിവസത്തിലൊരിക്കല്‍ പദ്ധതി പുരോഗതി അവലോകനം
കാക്കനാട്: പ്രളയ ബാധിത വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഉജ്ജീവന വായ്പാ പദ്ധതിയുടെ ആനുകൂല്യം പരമാവധി ആളുകള്‍ക്ക് ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. പദ്ധതി പുരോഗതിയെക്കുറിച്ച് പത്ത് ദിവസത്തിലൊരിക്കന്‍ അവലോകനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രതിനിധികളുടെയും പ്രളയക്കെടുതി ബാധിച്ച വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിസര്‍ജന്റ് കേരള വായ്പാ പദ്ധതിയില്‍ ജില്ലയില്‍ വിവിധ ബാങ്കുകള്‍ മുഖേന 320 കോടി രൂപ പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്തു.
ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സി. സതീശന്‍ ഉജ്ജീവന പദ്ധതി വിശദീകരണം നടത്തി. മൃഗസംരക്ഷണ മേഖല, സൂക്ഷ്മ ചെറുകിട ഇടത്തര വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍, കിസാന്‍ കാര്‍ഡ് ഉടമകള്‍, അലങ്കാര പക്ഷി- തനീച്ച കര്‍ഷകര്‍ എന്നീ വിവിധ മേഖലയിലുള്ള, പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ട, ദുരന്ത ബാധിതര്‍ക്ക് അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിനാണ് ഉജ്ജീവന വായ്പാ പദ്ധതി.
ജീവനോപാധി പുനരാരംഭിക്കുന്നതിന് എടുക്കുന്ന ടേം ലോണിന്റെ മാര്‍ജിന്‍ മണിയായി രണ്ടു ലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ ഏതാണോ കുറവ് ആ തുക സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കും. എന്നാല്‍ ജീവനോപാധി പുനരാരംഭിക്കുന്നതിന് പ്രവര്‍ത്തന മൂലധനം മാത്രം എടുക്കുന്നവര്‍ക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് അത് മാര്‍ജിന്‍ മണിയായി ബാങ്കുകള്‍ക്ക് നല്‍കും. പ്രവര്‍ത്തന മൂലധനം മാത്രം വായ്പ എടുക്കുന്നവര്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് എടുക്കുന്ന വായ്പാ തുകയില്‍ 10 ലക്ഷം രൂപ വരെ മാര്‍ജിന്‍ മണിക്ക് പകരം ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ താങ്ങ് പലിശ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കും. ഉജ്ജീവന പദ്ധതിക്കായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31-ാണ്.
കളമശ്ശേരി കെ.എസ്.എസ്.ഐ.എ ഹാളില്‍ നടന്ന യോഗത്തില്‍ കെ.എസ്.എസ്.ഐ.എ വൈസ് പ്രസിഡന്റ് എം.എ. അലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു എബ്രഹാം, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് ജില്ലാ സെക്രട്ടറി റ്റി.ജെ മനോഹരന്‍, കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി റ്റി.ബി. നാസ്സര്‍, കെ എസ് എസ് ഐ എ പ്രസിഡന്റ് എന്‍.വി അഷ്‌റഫ് , സെക്രട്ടറി ടോം തോമസ്, ട്രഷറര്‍ എന്‍ ജെ റാഫേല്‍, ബാങ്ക് പ്രതിനിധികള്‍, വ്യവസായ വാണിജ്യ സ്ഥാപന ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments