ജില്ല വികസന സമതിയോഗം 23ന്
ആലപ്പുഴ: ജനുവരിയിലെ ജില്ല വികസന സമതിയോഗം ഫെബ്രുവരി 23ന് രാവിലെ 11ന് ജില്ല ആസൂത്രണ സമതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ 2018 ജനുവരി 31 വരെയുള്ള പുരോഗതി പ്ലാൻസ്പേസിൽ സമർപ്പിക്കണമെന്ന് ജില്ല പ്ലാനിങ് ഓഫീസർ അറിയിച്ചു.
ഫാം സ്‌കൂൾ ഉദ്ഘാടനം ചെയ്തു
മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ ഫാം സ്‌കൂൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാർ ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ് ശിൽപ കോട്ടേജിൽ കുഞ്ഞുമോന്റെ വസതിയിലാണ് ഫാം സ്‌കൂൾ. ഒരു മികച്ച കർഷകന്റെ കൃഷി സ്ഥലം സ്‌കൂൾ ആക്കി മറ്റു കർഷകർക്ക് കൃഷി പാഠങ്ങൾ പകർന്ന് കൊടുക്കുന്നതാണ് ഫാം സ്‌കൂൾ. ആഴ്ചയിൽ ഒരു ക്ലാസ് വീതം ആറു ദിവസങ്ങളിലായി ആറു വിഷയത്തിലെ ക്ലാസുകൾ ആണ് നടക്കുക. ജൈവ കൃഷി പദ്ധതി പ്രകാരമാണ് പദ്ധതി.
ബോസ് ഉള്ളൂർ ആണ് കർഷക അധ്യാപകൻ.കൃഷി ഓഫീസർ റെജി ജി.വി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്വപ്ന,കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. മുഹമ്മയിലെ കൃഷി പ്രചാരകൻ കെ.വി.ദയാൽ ക്ലാസ്സെടുത്തു.
ജൈവകൃഷിക്കൊപ്പം ജൈവവള നിർമ്മാണവും
ഹരിപ്പാട്: ജൈവകൃഷിക്കൊപ്പം ജൈവവള നിർമ്മാണ പരിശീലനവുമായി ജൈവകൃഷി പാഠ ശാല സംഘടിപ്പിച്ചു. രാസവളം ഉപേക്ഷിച്ച് ജൈവകൃഷിക്ക് ജൈവവളം ഉപയോഗിക്കാൻ കർഷകരെ പ്രപ്തരാക്കുകയാണ് ലക്ഷ്യം ഹരിപ്പാട് കൃഷി കാര്യാലയത്തിന്റെ കീഴിലുള്ള കൃഷിഭവനും തിരഞ്ഞെടുത്ത കർഷകരേയും ഉൾപ്പെടുത്തിയ പാഠശാല ജൈവകർഷക വാണിയുടെ ഡാണാപ്പടിയിലെ പാലകുളങ്ങര വീട്ടിലെ കൃഷിതോട്ടത്തിലാണ് പരിശീലന ക്ലാസ.
കൃഷിയുമായി ബന്ധപ്പെട്ട് മിത്ര കീടവും ശത്രുകീടവും എന്തെന്ന് വിശദീകരിച്ചായിരുന്നു പഠനത്തിന് തുടക്കം. കൃഷിക്ക് ദോഷമാകുന്ന ശത്രുകീടങ്ങളെ നശിപ്പിക്കുകയോ അകറ്റി നിർത്തുകയോ ചെയ്ത് കൃഷിയെ സംരക്ഷിക്കാൻ മിത്ര കീടങ്ങൾ ഉപകരിക്കുന്നത് പോലെ മിത്ര കുമിൾ നിർമ്മിച്ച് കൃഷിയെ രക്ഷിക്കാമെന്നും പഠിപ്പിച്ചു. കൃഷിയിടത്തിൽ തന്നെ മിത്ര കുമിൾ നിർമ്മിക്കുന്ന രീതി കർഷകർക്ക് വിശദീകരിച്ചു. പച്ചക്കറി കൃഷി നെൽകൃഷി എന്നിവക്കെല്ലാം മിത്ര കുമിൾ പ്രയോജനപ്പെടുത്താം. രോഗ പ്രതിരോധവും നല്ലവളവുമാണ് മിത്ര കുമിളെന്ന് പദ്ധതി വിശദീകരിച്ച കൃഷി അസി. ഡയറക്ടർ എലിസബത്ത് ഡാനിയേൽ പറഞ്ഞു.
നാല്പതോളം കർഷക പ്രതിനിധികൾ പങ്കെടുത്തു. അടുത്ത ബുധനാഴ്ചയും ക്ലാസ് നടക്കും.
ജൈവകൃഷിപാഠശാല 2018-19 ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി ഉദ്ഘാടനം ചെയ്തു.നഗരസഭാംഗം ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. വികസന സമതി അധ്യക്ഷ ലേഖ അജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഹരിപ്പാട് കൃഷി ഒഫീസർ രേശ്മ സ്വാഗതവും കൃഷി അസിസ്റ്റൻറ് ഷിജിൻ രാജ് നന്ദിയും പറഞ്ഞു.
- Log in to post comments