സംഗീതാസ്വാദകരുടെ മനംകവര്‍ന്ന് രവീന്ദ്രന്, ജോണ്സണ് സംഗീതനിശ
ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ ലേബര്‍ കോര്‍ണറില്‍ നടന്ന സംഗീതപരിപാടി അനശ്വര സംഗീതജ്ഞരായ രവീന്ദ്രന്, ജോണ്സണ് എന്നിവര്‍ക്കുള്ള സമര്‍പ്പണമായി. ചലച്ചിത്ര നടന് ജയരാജ് വാര്യരുടെ അവതരണത്തില്‍ ചിത്രസൗധം അവതരിപ്പിച്ച `ഏഴുസ്വരങ്ങളില്‍... പൊന്നുരുകും പൂക്കാലം' എന്ന ശീര്‍ഷകത്തിലുള്ള സംഗീതനിശയ്ക്ക് നിരവധി സംഗീതാസ്വാദകരാണ് എത്തിയത്.
രണ്ടുമണിക്കൂര്‍ നേരം മലയാളികളുടെ പ്രിയങ്കരങ്ങളായ പാട്ടുകളായ തേനും വയമ്പും, പൊന്നുരുകും പൂക്കാലം, ഏഴുസ്വരങ്ങളും, മധുരം ജീവാമൃതബിന്ദു, പത്തുവെളുപ്പിന്, വികാര നൗകയുമായി, അന്തിക്കടപ്പുറത്ത്, ആകാശമാകേ കണിമലര്‍, വാര്‍മുകിലേ, അനുരാഗിണി, ആദ്യമായ് കണ്ടനാള്‍ തുടങ്ങിയ ഗാനങ്ങള്‍ പ്രശസ്ത പിന്നണി ഗായകരായ എടപ്പാള്‍ വിശ്വനാഥന്, റീന മുരളി, മനീഷ, ദില്‍രാജ്, റൂഷേല്‍ റോയ് തുടങ്ങിയവര്‍ ആലപിച്ചു. ട്രാന്സ്പോളി നയിച്ച ഓര്‍ക്കസ്ട്ര സംഗീത നിശയ്ക്ക് മാറ്റ് കൂട്ടി. കലാപരിപാടികളുടെ ഭാഗമായി ഇന്ന് (ഫെബുവരി 21) വൈകീട്ട് 6.30 ന് റവന്യൂ-വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ കലാ-സാംസ്കാരിക പരിപാടികള്‍, 8 ന് ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ കലാനിലയത്തിന്റെ പൂതനാമോക്ഷം കഥകളി എന്നിവ അരങ്ങേറും.
ഫെബ്രുവരി 22 6.30ന് കലാമണ്ഡലം അച്യുതനും സംഘവും അവതരിപ്പിക്കുന്ന മിഴാവില്‍ പഞ്ചാരിമേളം, 8 ന് തൃശൂര്‍ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവോത്ഥാന ചലച്ചിത്ര പ്രദര്‍ശനം, ഫെബ്രുവരി 23 വൈകീട്ട് 6.30 ന് തിരുവനന്തപുരം ഭാരത് ഭവന് അവതരിപ്പിക്കുന്ന നവോത്ഥാനദൃശ്യ സംഗീതക, ഫെബ്രുവരി 24 വൈകീട്ട് 6.30 ന് തൊടുപുഴ മനോജ്കുമാര്‍ അവതരിപ്പിക്കുന്ന വയലിന് ഫ്യൂഷന്‍, 8 ന് നാടകം-മത്തായിയുടെ മരണം എന്നിവ അരങ്ങേറും.
ഫെബ്രുവരി 25 വൈകീട്ട് ഏഴിന് ഷഹബാസ് അമന് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ, ഫെബ്രുവരി 26 വൈകീട്ട് 6.30 ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍, ഫെബ്രുവരി 27 വൈകീട്ട് 6.30 ന് പാലക്കാട് ചിന്മയ ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന കതിരവന്‍-നാടന്‍പാട്ടും ദൃശ്യാവിഷ്ക്കാരവും എന്ന പരിപാടികളും സംഗീതാസ്വാദകരുടെ മനം കവരും.
- Log in to post comments