സ്‌കൂളുകളില്‍ റൂഫ്‌ടോപ്പ് സോളാര്‍ പവര്‍ പദ്ധതി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 21)
അടുത്ത വര്‍ഷത്തോടെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ഘടക സ്ഥാപനങ്ങളും ജില്ലാ പഞ്ചായത്തും സോളാര്‍ പദ്ധതിയുടെ ഭാഗമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. വിദ്യാലയങ്ങളടക്കം 150 ല്‍ അധികം സ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നത് വഴി സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുകയും അധികമായി വരുന്ന വൈദ്യുതി കെ എസ് ഇ ബി ക്ക് കൈമാറി വരുമാനമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ക്ലാസുകള്‍ ഹൈടെക് ആയതോടെ സ്‌കൂളുകള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് വൈദ്യുത ചാര്‍ജ്ജ് വര്‍ധന. ഇതിന് പരിഹാരം കാണാന്‍ പദ്ധതിയിലൂടെ സാധിക്കും. 29 വിദ്യാലയങ്ങളിലും ഘടക സ്ഥാപനങ്ങളിലുമാണ് ഇതിനോടകം സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. 2016- 17 വര്‍ഷം 5.59 കോടിയും 2017-18 ല്‍ 2.74 കോടി രൂപയും 2018-19 വര്‍ഷം രണ്ട് കോടി രൂപയുമാണ് പദ്ധതിക്കായി കെ എസ് ഇ ബിക്ക് കൈമാറിയിരിക്കുന്നത്. കൂടാതെ 2019-20 വര്‍ഷം ബാക്കിയുള്ള ഘടക സ്ഥാപനങ്ങളില്‍ കെ എസ് ഇ ബി മുഖേനെ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് 69.62 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രവൃത്തി പൂര്‍ത്തീകരിച്ച സ്‌കൂളുകളുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 21 ന് വൈകീട്ട് മൂന്ന് മണിക്ക് എടയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുത്ത 29 സ്‌കൂളുകളിലാണ് ഇതിനോടകം പദ്ധതി പൂര്‍ത്തീകരിച്ചത്.
അഭിമുഖങ്ങള്‍, പരീക്ഷകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കണ്ണൂര്‍ നഗരത്തിലെത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് താല്‍ക്കാലിക താമസത്തിനായൊരുക്കിയ ഷീ നൈറ്റ് ഹോമിന്റെ ഉദ്ഘാടനം 22 ന് രാവിലെ ഒന്‍പത് മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 27 ലക്ഷം രൂപ ചിലവില്‍ ജില്ലാ പഞ്ചായത്ത് വികസന കേന്ദ്രത്തിന്റെ രണ്ടാം നിലയില്‍ കുടുംബശ്രീ നടത്തിവരുന്ന കഫേശ്രീയോടനുബന്ധിച്ചാണ് ഷീ ഷെല്‍റ്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം പത്ത് പേര്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയും. 24 മണിക്കൂര്‍ നേരത്തേക്കാവും സൗകര്യം ലഭ്യമാകുക. അത്യാവശ്യ ഘട്ടങ്ങളില്‍ ഈ സൗകര്യം 48 മണിക്കൂര്‍ നേരത്തേക്ക് ഉപയോഗപ്പെടുത്താം. 300 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുക.
61 കോടി രൂപ വകയിരുത്തി ജില്ലാ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനം 22 ന് രാവിലെ 10 മണിക്ക് ശൈലജ ടീച്ചര്‍ നിര്‍വഹിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- Log in to post comments