ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കണം: കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സ്വദേശ് ദര്‍ശന്‍ മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം സര്‍ക്യൂട്ടിന്റെ പ്രവൃത്തി കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് കുപ്പത്ത് നടന്ന പരിപാടിയില്‍ പി കെ ശ്രീമതി എംപി അധ്യക്ഷത വഹിച്ചു. ടൂറിസം മേഖലയില്‍ വളരെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ടൂറിസം രംഗത്ത് വളരെയധികം സാധ്യതയുള്ള മേഖലയായാണ് കണ്ണൂരിനെ താന്‍ കാണുന്നതെന്നും മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് മലബാറില്‍ കൈവരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വദേശ് ദര്‍ശനിലുള്‍പ്പെടുത്തി 77 പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതില്‍ 21 പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞു. വേള്‍ഡ് ടൂര്‍ ആന്‍ഡ് ട്രാവല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള ടൂറിസത്തില്‍ മൂന്നാം റാങ്കാണ് ഇന്ത്യയ്ക്ക്. 16.5 ലക്ഷം കോടി രൂപയാണ് ടൂറിസത്തില്‍ നിന്നുള്ള വരുമാനം. 8.12 കോടി ആളുകള്‍ ഇന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മേഖലയില്‍ 1.39 കോടി തൊഴില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സാധിച്ചു. ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും ആഗോള ശരാശരിയേക്കാള്‍ വലിയ വളര്‍ച്ച ഇന്ത്യയ്ക്കുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് 15 ലക്ഷം കോടി രൂപ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ചെലവഴിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ നന്മയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 10.5 കോടി ശൗചാലയങ്ങളും 6.5 കോടി എല്‍ പി ജി ഗ്യാസ് കണക്ഷനും നല്‍കിക്കഴിഞ്ഞു. 34 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി. മാര്‍ച്ചോടു കൂടി പാവപ്പെട്ട എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിക്കായി 80.37 കോടി രൂപയാണ് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അനുവദിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി വളപട്ടണം നദിയില്‍ വളപട്ടണത്ത് നിന്നാരംഭിച്ച് പറശ്ശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള മുത്തപ്പന്‍ ആന്‍ഡ് മലബാറി ക്യുസീന്‍ ക്രൂയിസ്, വളപട്ടണത്ത് നിന്നും തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂയിസ്, പഴയങ്ങാടി മുതല്‍ കുപ്പം വരെയുള്ള കണ്ടല്‍ ക്രൂയിസ് എന്നിവയാണ് നടപ്പാക്കുന്നത്. ബോട്ട് ജെട്ടി/ ടെര്‍മിനല്‍ എന്നിവയുടെ നിര്‍മ്മാണച്ചുമതല ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനച്ചുമതല കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനുമാണ്.
വളപട്ടണം, കുപ്പം, മാഹി, അഞ്ചരക്കണ്ടി, പെരുമ്പ, കവ്വായി പുഴകളെയും വലിയപറമ്പ കായലിനെയും കോര്‍ത്തിണക്കി നടപ്പിലാക്കുന്ന ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ പറശ്ശിനിക്കടവില്‍ നിര്‍വ്വഹിച്ചിരുന്നു. പറശ്ശിനിക്കടവ്, പഴയങ്ങാടി ബാട്ട് ടെര്‍മിനല്‍/ ജെട്ടി എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി വരികകയാണ്. ക്രൂയിസ് ടൂറിസം പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 53.07 കോടി രൂപയുടെ 17 പദ്ധതികള്‍ക്കാണ് ഇതിനകം ഭരണാനുമതി നല്‍കിയിരിക്കുന്നത്.
ചടങ്ങില്‍ എംഎല്‍എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ്, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി, കേരള ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദ്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമള, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments