ആയിരം ദിനത്തില്‍ അക്ഷയ സംരംഭകന് 1.25 ലക്ഷത്തിന്റെ ടൂള്‍ കിറ്റ്
അക്ഷയ സംരംഭകന്‍ സിന്റോ മോഹനന് സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനത്തില്‍ ആധാര്‍ എന്റോള്‍ ചെയ്യുന്നതിനുള്ള ടൂള്‍ കിറ്റ് സമ്മാനം. ലാപ്‌ടോപ്, സ്‌കാനര്‍, ജി പി എസ് ഉപകരണം എന്നിവയടങ്ങുന്ന 1.25 ലക്ഷം രൂപയുടെ കിറ്റ് നാഗമ്പടം മൈതാനിയില്‍ നടന്ന ജില്ലാതലാഘോഷ ചടങ്ങില്‍ മന്ത്രി പി തിലോത്തമനില്‍ നിന്ന് സിന്റോ ഏറ്റു വാങ്ങി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അക്ഷയ സംരംഭകര്‍ക്കായി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് സൗജന്യമായി ടൂള്‍കിറ്റ് നല്‍കിയത്. കൃഷ്ണമണി, ഫിംഗര്‍ പ്രിന്റ് എന്നിവയും വ്യക്തിഗത രേഖകളും സ്‌കാന്‍ ചെയ്യുന്നതിനുള്ള മൂന്ന് സ്‌കാനറുകളടക്കമുള്ള കിറ്റ് സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിംഗ് സംവിധാനത്തിലൂടെയാണ് ജില്ലാ ഭരണകൂടം പര്‍ച്ചേസ് ചെയ്തിട്ടുള്ളത്. പത്ത് വര്‍ഷമായി അക്ഷയ കേന്ദ്രം നടത്തുന്ന സിന്റോ ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഏക അക്ഷയ സംരംഭകനാണ്. പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ ഏറെയുള്ള കോരുത്തോടു പഞ്ചായത്തില്‍ ആധാര്‍ രജിസ്‌ട്രേഷന്‍, പുതുക്കല്‍ എന്നിവക്കായി ക്യാമ്പുകള്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ ജില്ലാ അക്ഷയ മിഷന്‍ സ്വീകരിച്ചിട്ടുണ്ട്.
- Log in to post comments