Skip to main content

സംസ്ഥാനത്ത് 6000 റോഡുകള്‍ പുനര്‍ നിര്‍മിക്കും: മന്ത്രി എ.കെ.ബാലന്‍

 

    രണ്ട് വര്‍ഷത്തിനകം സംസ്ഥാനത്ത് 6000 റോഡുകള്‍ പുനര്‍ നിര്‍മിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. മന്ത്രി സഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ലഫ്റ്റനന്റ് കേണല്‍ ഇ.കെ.നിരഞ്ജന്‍ സ്മാരക റോഡിന്റെ നിര്‍മാണോദ്ഘാടനം കാരാകുറുശ്ശി അയ്യപ്പന്‍കാവില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജര്‍മന്‍ നിര്‍മിത ആധുനിക യന്ത്രങ്ങളുപയോഗിച്ച് ദേശീയ പാത നിര്‍മാണം നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. പ്രകൃതിനാശം കുറയ്ക്കുന്നതിനും ഉപയോഗശൂന്യമായ അവശിഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും ഈ നൂതന രീതി അനിവാര്യമാണ്. പൊതുമരാമത്തു വകുപ്പിനു കീഴില്‍ 10000 കോടിയുടെ പാലങ്ങളും റോഡുകളും ഇപ്പോള്‍ നിര്‍മാണത്തിലാണ്. 2500 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഈ ബജറ്റില്‍ അനുമതി നല്‍കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. കിഫ്ബി യില്‍ നിന്നും 12.20 കോടി രൂപ ചെലവഴിച്ചാണ് കോങ്ങാട് മണ്ഡലത്തില്‍ നിന്നാരംഭിച്ച് ഒറ്റപ്പാലം മണ്ഡലത്തില്‍ അവസാനിക്കുന്ന എടായ്ക്കല്‍ - കൂട്ടിലക്കടവ് റോഡ് ഇ.കെ.നിരഞ്ജന്‍ സ്മാരക റോഡ് എന്ന പേരില്‍ പുനര്‍നിര്‍മിക്കുന്നത്. പരിപാടിയില്‍ കെ.വി.വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. പി. ഉണ്ണി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് ( റോഡ്) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ശ്രീലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.കെ.നിരഞ്ജന്റെ അച്ഛന്‍ ഇ.കെ.ശിവരാജന്‍, ശ്രീകൃഷ്ണപുരം- മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date