ഉത്്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്
കോഴിക്കോട് ജില്ലാ പഞ്ചായത്തിന് 157.24 കോടി രൂപയുടെ ബജറ്റ്. നവകേരള നിര്‍മാണത്തിനുള്ള കാല്‍വയ്പെന്ന വിശേഷണത്തോടെ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് 147.80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 9.44 കോടി രൂപയുടെ മിച്ചബജറ്റാണ് അവതരിപ്പിച്ചത്. പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 71.12 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പട്ടികജാതി വികസനത്തിനായി 13.08 കോടിയും ലൈഫ് ഭവനപദ്ധതിക്കായി 9.8 കോടിയുമുണ്ട്. മാമ്പുഴ നവീകരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള ആസ്തികളുടെ സംരക്ഷണത്തിനായി 11.6 കോടിയും നീക്കിവച്ചിരിക്കുന്നു.
കാര്‍ഷികമേഖലയില്‍ നെല്‍കൃഷിക്ക് 95 ലക്ഷം രൂപയും ആയഞ്ചേരി കോള്‍നിലം കൃഷിക്ക് ഉപയുക്തമാക്കുന്നതിന് 35 ലക്ഷം രൂപയും നാളികേര ഉത്പാദക കമ്പനികള്‍ക്ക് റിവോള്‍വിങ് ഫണ്ടായി 60 ലക്ഷം രൂപയും പുതുപ്പാടി, കൂത്താളി, പേരാമ്പ്ര കാര്‍ഷിക ഫാമുകള്‍ക്ക് യഥാക്രമം 31 ലക്ഷം, 80ലക്ഷം, 43 ലക്ഷം രൂപയും തിക്കോടി തെങ്ങിന്‍തൈ വളര്‍ത്തു കേന്ദ്രത്തിന് 46 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.മൃഗസംരക്ഷണ മേഖലയില്‍ ചാത്തമംഗലം കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് 70 ലക്ഷം,ക്ഷീരകര്‍ഷകര്‍ക്ക് മില്‍ക്ക് ഇന്‍സെന്റീവായി 90 ലക്ഷം,മുട്ടഗ്രാമം പദ്ധതിക്ക് 40 ലക്ഷം രൂപയുമാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന വികസനത്തിന് 5.41 കോടി രൂപയും ഒന്നാംക്ലാസ് ഒന്നാംതരം പദ്ധതിക്കായി 33.62 ലക്ഷം രൂപയുംഎഡ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കായി 40 ലക്ഷം രൂപയും വകയിരുത്തി. കുടിവെള്ള പദ്ധതികള്‍ക്കായി 4.75 കോടി, സ്‌കൂളുകളില്‍ ഗേള്‍സ് ടോയ്‌ലറ്റ് നിര്‍മാണത്തിന് 1.1 കോടി, ബോയ്സ് ടോയ്‌ലറ്റിന് 60 ലക്ഷം ,കാരശ്ശേരി പഞ്ചായത്തില്‍ അറവുശാലയ്ക്ക് 40 ലക്ഷം എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.
വനിതാശിശു വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമ മുറി നിര്‍മിക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തി.നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ക്ക് 20 ലക്ഷവും കുന്നുമ്മല്‍ വനിതാ ഹോസ്റ്റലിന് 67 ലക്ഷവും പെണ്‍കുട്ടികള്‍ക്ക് കരാട്ടേ പരിശീലനത്തിന് 10 ലക്ഷവും അനുവദിച്ചിട്ടുണ്ട്. വയോജനക്ഷേമത്തിനായി മൊബൈല്‍ ലാബ് സര്‍വീസ് തുടങ്ങുന്നതിന് 70 ലക്ഷം, കാക്കൂര്‍ ശ്രദ്ധാഭവന് 60 ലക്ഷം;മണ്ണ്, ജലസംരക്ഷണ മേഖലയില്‍ മാമ്പുഴ നവീകരണം 2ാം ഘട്ടത്തിന് 10 ലക്ഷവും മഞ്ഞപ്പുഴ രാമന്‍പുഴ നവീകരണത്തിനായി 10 ലക്ഷവും കുളങ്ങള്‍ നവീകരിക്കാന്‍ 88 ലക്ഷവും വിസിബികളുടെ നിര്‍മാണത്തിന് 71 ലക്ഷവും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സ്‌കോളര്‍ഷിപ്പിന് ഒരുകോടി , പാലിയേറ്റിവ് പദ്ധതിക്കായി 65 ലക്ഷം ബഡ്സ് സ്‌കൂളുകള്‍ക്കായി 70 ലക്ഷം എന്നിങ്ങനെയും ട്രാന്‍സ്ജെന്‍ഡേഴ്സിന് തൊഴില്‍പരിശീലനത്തിന് 5 ലക്ഷവും ആണ് വകയിരുത്തിയിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ ജില്ലാ ആശുപത്രിക്ക് കെട്ടിടം നിര്‍മിക്കാന്‍ 50 ലക്ഷം വളര്‍ച്ച, പെരുമാറ്റ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായുള്ള ആയുര്‍വേദ പദ്ധതിയായ സ്പന്ദനത്തിന് 10 ലക്ഷം എന്നിങ്ങനെയും
പട്ടികജാതി വികസനത്തിനായി കുടിവെള്ള പദ്ധതികള്‍ക്ക് 2.4 കോടി,കോളനി റോഡുകള്‍ക്ക് 3.7 കോടി,സമഗ്ര സര്‍വേയ്ക്ക് 15 ലക്ഷം എന്നിങ്ങനെയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന ബജറ്റാണ് തയാറാക്കിയിരിക്കുന്നതെന്നും പ്രളയത്തിന്റെ പശ്ചാത്തലത്തിലും കോഴിക്കോട് ജില്ലാ പഞ്ചായത്തിന് സര്‍ക്കാര്‍ വലിയ പരിഗണ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും യോഗത്തില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു
- Log in to post comments