Skip to main content

 ജനകീയോത്സവമായി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി 

 

 സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് കോഴിക്കോട് കടപ്പുറത്ത് ജനകീയോത്സവമായി തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിനെത്തിയത് ആയിരങ്ങളാണ്. വിശാലമായ പന്തലും കടപ്പുറത്തൊരുക്കിയിരുന്ന കസേരകളും നിറഞ്ഞശേഷവും അനേകംപേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഉദ്ഘാടനചടങ്ങിന് തിരികൊളുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് ദീപം കൈമാറിയത് നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ലിനിയുടെ പിഞ്ചുമക്കളായ സിദ്ദാര്‍ഥും റിതിനുമാണ്. കുരുന്നുകള്‍ക്ക് മുഖ്യമന്ത്രി ചടങ്ങില്‍ ഉപഹാരങ്ങളും കൈമാറി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഘോഷയാത്രയായാണ് ആയിരങ്ങള്‍ കടപ്പുറത്തേക്കെത്തിയത്. ഇതിനുപുറമേ ജനകീയോത്സവത്തിന് നാട്ടുകാരും ഒഴുകിയെത്തിയതോടെ സദസ്സ് നിറഞ്ഞൊഴുകി. ഉദ്ഘാടന ചടങ്ങിന് മുമ്പ് ഗായിക പുഷ്പവതിയുടെ ദ്രാവിഡ ബാന്റും ചടങ്ങിന് ശേഷം ഗായകന്‍ ഹരിഹരന്‍ അവതരിപ്പിച്ച ഗസലും കാഴ്ചക്കാര്‍ക്ക് വ്യത്യസ്തമായ സംഗീതാനുഭവമായി. അതിജീവനം മുഖ്യപ്രമേയമായ വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. കേരളം കടന്നുവന്ന പ്രളയദുരന്തം ഉള്‍പ്പെടെ ഓര്‍മിപ്പിക്കാന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വള്ളങ്ങളും വേദിയില്‍ ഒരുക്കിയിരുന്നു. പ്രളയം മുക്കിയ ചേന്ദമംഗലത്തിന് കൈത്താങ്ങാകാന്‍ അവിടെ നിന്നെത്തിച്ച വര്‍ണ നൂലുകള്‍ വേദിയുടെ പശ്ചാത്തലത്തിനും കടപ്പുറത്തെ അലങ്കാരങ്ങള്‍ക്കുമായി ഇഴചേര്‍ത്തിരുന്നു. കരിയിലകള്‍ ചേര്‍ത്തൊരുക്കിയ പശ്ചാത്തലവും വ്യത്യസ്തമായി. കടപ്പുറത്ത് തന്നെ ഒരുക്കിയ വിപുലമായ പ്രദര്‍ശനമേളയ്ക്ക് തുടക്കമായിട്ടുണ്ട്. 1000 ദിനാഘോഷങ്ങളുടെ സംസ്ഥാനതല സമാപനം 27ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. അന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
 

date