പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 70 ശതമാനം പൂര്‍ത്തിയായി ഹൈടെക് ലാബുകള്‍ തുറന്നു കൊടുത്തു
പെരിന്തല്‍മണ്ണ നഗരസഭയിലെ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്ന പ്രവര്‍ത്തി 70 ശതമാനം പൂര്‍ത്തിയായി. പ്രവര്‍ത്തി പൂര്‍ത്തിയായ രണ്ട് ലാബുകള്‍ നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നു കൊടുത്തു. അന്താരാഷ്ട്ര നിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ച കെമിസ്ട്രി, ബയോളജി ലാബ് തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നു നല്‍കിയത്.
15 കോടി രൂപ ചിലവിലാണ് ഇ.എം.എസ് വിദ്യാഭ്യാസ കോംപ്ലക്‌സിലെ ഈ വിദ്യാലയത്തെ ഹൈടെക് ആക്കി മാറ്റുന്നത്. 150 വര്‍ഷം പഴക്കമുള്ള വിദ്യാലയത്തിന്റെ കഴിഞ്ഞ ഒന്നരവര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് 70 ശതമാനം പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളും പുരോഗമിച്ചു വരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിനായുള്ള നാല് നില കെട്ടിടത്തിന്റെ പ്രവര്‍ത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
നഗരസഭ തയ്യാറാക്കിയ ഡി.പി.ആര്‍ പ്രകാരം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പദ്ധതിക്ക് എട്ടുകോടി രൂപയാണ് ചെലവ്. ഇതില്‍ ഏഴു കോടി രൂപ നഗരസഭ വിഹിതമാണ്. 2020 നവംബറോടെ പദ്ധതി പൂര്‍ത്തീകരിക്കും.
സവിശേഷ ഡിസൈനോടെ വിദ്യാര്‍ത്ഥി സൗഹാര്‍ദപരമായി ഏറ്റവും ആധുനിക ഉപകരണങ്ങളോടെ 50ഃ20 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലാബുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു സമയം 70 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താനാവും. 50 ലക്ഷം രൂപയാണ് ലാബ് നിര്‍മാണത്തിന് നഗരസഭ ചെലവഴിച്ചത്. ഇതിനു പുറമെ കമ്പ്യൂട്ടര്‍, ജോഗ്രഫി, ലാംഗ്വേജ് ലാബുകളുടെ നിര്‍മാണ പ്രവര്‍ത്തിയും പുരോഗതിയിലാണ്.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ തെക്കത്ത് ഉസ്മാന്‍, സുന്ദരന്‍ കാരയില്‍, പി.ടി.എ പ്രസിഡന്റ് ടി കെ. ജയന്‍ പ്രിന്‍സിപ്പല്‍ കെ.വി ഫൗസിയ, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ.ടി വഹീദാ ബീഗം, സ്റ്റാഫ് സെക്രട്ടറി വി.പി ജയരാജന്‍, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.പി.കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments