സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷം ഇന്ന് (20.2.19) തുടങ്ങും ജില്ലാതല ഉദ്ഘാടനം വൈകിട്ട് അഞ്ചിന് ചെറുതോണിയില്‍
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ( 20.2.19) വൈകിട്ട് അഞ്ചിന് വൈദ്യുതിമന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് നാലിന് വാഴത്തോപ്പ് കവലയില്‍ നിന്നും സാംസ്‌കാരിക റാലി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനവും ആരോഗ്യജാഗ്രത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ആരോഗ്യസന്ദേശ യാത്രയുടെ ഫ്‌ളാഗ് ഓഫും ഇടുക്കി കുടിയേറ്റ സ്മാരക മ്യൂസിയത്തിന്റെ ശിലാസ്ഥാപനവും വൈദ്യുതിമന്ത്രി നിര്‍വഹിക്കും.
ജില്ലാതല ആഘോഷങ്ങളോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശന വിപണനമേള വ്യാഴാഴ്ച (ഫെബ്രുവരി 21) മുതല്‍ ഫെബ്രുവരി 27വരെ ഇടുക്കി ജില്ലാപഞ്ചായത്ത് (ഐ.ഡി.എ) ഗ്രൗണ്ടില്‍ നടക്കും. പ്രദര്‍ശന വിപണനമേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 80 സ്റ്റാളുകള്‍ ഉണ്ടാകും. പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനം 21ന് വൈകിട്ട് അഞ്ച് മണിക്ക് വൈദ്യുതിമന്ത്രി എം.എം മണി നിര്‍വഹിക്കും. ഇടുക്കി വോളിബോള്‍ അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. വോളിബോള്‍ പ്രദര്‍ശന മത്സരവും, ചടങ്ങില്‍ മുന്‍കാല വോളിബോള്‍ കളിക്കാരെ ആദരിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ വായ്പ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ഇടുക്കി ജില്ലയുടെ കാര്‍ഷിക, കാര്‍ഷികാനുബന്ധ മേഖലകള്‍, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ വന്‍ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 5000 കോടി രൂപയുടെ ഇടുക്കി പുനര്‍ജനി പാക്കേജ് സംബന്ധിച്ച് ഫെബ്രുവരി 21ന് ഇച്ചതിരിഞ്ഞ് മൂന്നിന് സെമിനാര്‍ നടക്കും. സെമിനാറില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ പ്രൊഫ.ആര്‍. രാമകുമാര്‍ വിഷയാവതരണം നടത്തും. തദ്ദേശ സ്ഥാപന പ്രതിനിധികള്‍, കാര്‍ഷിക സാമൂഹിക മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യ സെമിനാര്‍, ഹരിതകേരളം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ജില്ലയുടെ അഞ്ച് നിയോജകമണ്ഡലങ്ങളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നടക്കും.പ്രദര്‍ശന വിപണനമേള നടക്കുന്ന ഐ.ഡി.എ ഗ്രൗണ്ടില്‍ എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും അരങ്ങേറും. പ്രദര്‍ശന വിപണനമേള ഫെബ്രുവരി 27ന് സമാപിക്കും
- Log in to post comments