തൊടുപുഴ സബ്രജിസ്ട്രാര്‍ ഓഫീസ് മന്ദിരത്തിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരിന്റെ 1000 ദിനാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മിക്കുന്ന തൊടുപുഴ സബ്രജിസ്ട്രാര്‍ ഓഫീസ് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നിര്‍ഹിച്ചു. ആധുനികവല്‍ക്കരണത്തോടെ രെജിസ്‌ട്രേഷന്‍ വകുപ്പ് അഴിമതി രഹിത മേഖല ആയി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ സുതാര്യമാകുകയും ജനസൗഹൃദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് രെജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
തൊടുപുഴ ജില്ലാ റെജിസ്ട്രര്‍ ഓഫീസ് പരിസരത്തു നടന്ന പൊതുപരിപാടിയില്‍ പി ജെ ജോസഫ് എം എല്‍ എ ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ചു. ഒരു കോടി 22 ലക്ഷം രൂപ മുതല്‍മുടക്കി ഒരു വര്‍ഷം കൊണ്ടാണ് പുതിയ മന്ദിരം നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം പ്രധാനപെട്ടവയാണെന്നും ആധുനികവല്‍ക്കരണത്തോടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ ഓഫീസ് കാഴ്ച്ചവെക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
തിരുവിതാംകൂര്‍ രാജഭരണ കാലത്ത് ആരംഭിച്ച ഓഫീസുകളില്‍ ഒന്നാണ് തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓഫീസ് കെട്ടിടത്തിന്റെ പരിമിതി മൂലവും ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന റെക്കോര്‍ഡുകളുടെ ആധിക്യം മൂലവും ഇവ വേണ്ട വിധത്തില്‍ സംരക്ഷിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ തൊടുപുഴ എം എല്‍ എയും രെജിസ്‌ട്രേഷന്‍ പൊതുമരാമത്ത് മന്ത്രിയും ആയിരുന്ന പി ജെ ജോസഫ് രെജിസ്‌ട്രേഷന്‍ വകുപ്പ് ഓഫീസ് സംസ്ഥാനത്ത് ആദ്യമായ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ഓഫീസ് ആക്കി മാറ്റി.
കോട്ടയം ജില്ലാ റെജിസ്ട്രര്‍ ഗോപകുമാര്‍, തൊടുപുഴ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി, വൈസ് ചെയര്‍മാന്‍ സി കെ ജാഫര്‍, സി പി ഐ എം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു കൈമള്‍, സി പി ഐ തൊടുപുഴ താലൂക്ക് സെക്രട്ടറി പി പി ജോയ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തൊടുപുഴ മണ്ഡലം പ്രസിഡന്റ് പി എന്‍ സീതി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments