Skip to main content

അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം: മുഖ്യമന്ത്രി ഇന്ന് (ഫെബ്രുവരി 22) ശിലാസ്ഥാപനം നിർവഹിക്കും

 

കണ്ണൂർ കല്യാട് സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഇന്ന് (ഫെബ്രുവരി 22) വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ, ആയുഷ്  മന്ത്രി കെ.കെ. ശൈലജടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വ്യവസായ, സ്പോർട്സ,് യുവജനകാര്യമന്ത്രി ഇ.പി. ജയരാജൻ മുഖ്യാതിഥിയാവും. തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിശിഷ്ടാതിഥിയാവുന്ന ചടങ്ങിൽ ജില്ലയിൽ നിന്നുള്ള എം.പി.മാർ, എം.എൽ.എ.മാർ മറ്റ് ജനപ്രതിനിധികൾ, വകുപ്പ് തലവൻമാർ എന്നിവർ പങ്കെടുക്കും.

 

ആയുർവേദ ഗവേഷണ രംഗത്ത് രാജ്യത്തുതന്നെ ആദ്യത്തെ ഏറ്റവും വലിയ സംരംഭമാണിത്. ഉത്തരമലബാറിന്റെ വികസനക്കുതിപ്പിനൊപ്പം ആയുർവേദ മേഖലയ്ക്കും ഏറ്റവും വലിയ സംഭാവനയായി മാറും ഈ ഗവേഷണകേന്ദ്രം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് ചികിത്സാരംഗത്തും ഔഷധനിർമാണ രംഗത്തും ഗവേഷണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനും മൺമറഞ്ഞ് പോകുന്ന നാട്ടറിവുകളേയും ഔഷധസസ്യങ്ങളേയും സംരക്ഷിച്ച് ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിലനിർത്തുന്നതിനുമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്. നമ്മുടെ നാട്ടിലെ അന്യം നിന്നുപോയ പല വൈദ്യ കുടുബങ്ങളിലെ അമൂല്യമായ താളിയോലകളും കൈയെഴുത്തു പ്രതികളുമടക്കം അപൂർവ്വ അറിവുകളെ സംരക്ഷിക്കാൻ ഏറ്റവും നൂതനമായ മാനുസ്‌ക്രിപ്റ്റ് റീഡിങ്ങ് സമ്പ്രദായവും ഉപയോഗപ്പെടുത്തും.

ആദ്യഘട്ടത്തിൽ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ സമന്വയിപ്പിച്ചു കൊണ്ട് വിവിധ രോഗങ്ങൾക്കായുള്ള ക്ലിനിക്കൽ റിസർച്ച്, ഇതിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്പിറ്റൽ എന്നിവ ഗവേഷണ കേന്ദ്രത്തിലുണ്ടാകും. വിവിധ ആയുർവേദ കോളേജുകളെ കണ്ണി ചേർത്ത് കൊണ്ട് വിപുലമായ ഗവേഷണ പദ്ധതിയാണ് ഒരുക്കുന്നത്. ജീവിതശൈലി രോഗങ്ങൾ, വാർധക്യകാല രോഗചികിത്സ എന്നിവയിലുള്ള ഗവേഷണ പരിപാടികൾ ആണ് തുടക്കത്തിൽ ആരംഭിക്കുക. ആയുർവേദ അറിവും ലോകമെങ്ങുമുള്ള പാരമ്പര്യ ചികിത്സാരിതികളും പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര മ്യൂസിയം ഇതിന്റെ ഭാഗമായി നിലവിൽ വരും. മരുന്ന് നിർമ്മാണ മേഖലയിൽ നല്ല നിലയിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന നൂതന ലാബ് സൗകര്യങ്ങളും ഒരുക്കും. 

പി.എൻ.എക്സ്. 652/19

date