അക്കാദമികമായും കലാപരമായും കലാലയങ്ങളെ ശക്തിപ്പെടുത്തും : മന്ത്രി ഡോ. കെ ടി ജലീല്‍
അക്കാദമിക നിലവാരത്തിനൊപ്പം കലാസാംസ്‌കാരിക മേഖലയിലും കലാലയങ്ങളെ ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ ടി ജലില്‍ പറഞ്ഞു. പനമ്പിള്ളി സ്‌മാരക സര്‍ക്കാര്‍ കോളേജില്‍ പുതുതായി അനുവദിച്ച കോഴ്‌സുകളുടെയും ലൈബ്രറി മന്ദിരത്തിന്റെയും ഉദ്‌ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പുതിയ സാഹചര്യങ്ങളില്‍ അധ്യാപകര്‍ അപ്‌ഡേറ്റ് ആകേണ്ടതിനെക്കുറിച്ചും മന്ത്രി പറഞ്ഞു. ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷനായി. ആത്യാധുനിക സൗകര്യങ്ങളോടെയാണ് കോളേജില്‍ ലൈബ്രറി മന്ദിരം സജ്ജമാക്കിയിട്ടുള്ളത്. 3000 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഉച്ചതാ ശിക്ഷാ അഭിയാന്‍ (റൂസ) പദ്ധതി പ്രകാരം കോളജ് വികസനത്തിന് അനുവദിച്ച 2 കോടി രൂപയില്‍ നിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചാണു ലൈബ്രറി മന്ദിരം ഒരുക്കിയിട്ടുള്ളത്. കോളേജില്‍ എംഎ മലയാളം, ബിഎസ്‌സി ഫിസിക്‌സ് കോഴ്‌സുകളാണ് പുതിയതായി അനുവദിച്ചിട്ടുള്ളത്. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ജയന്തി പ്രവീണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കോളേജിയേറ്റ് ഡ്യൂക്കേഷന്‍ കെ കെ സുമ എന്നിവര്‍ മുഖ്യാതിഥികള്‍ ആയി. നഗരസഭാ വൈസ് ചെയര്‍മാന്‍ വിത്സണ്‍ പാണാട്ടുപറമ്പില്‍ മറ്റു നഗരസഭാ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. പി ഡബ്ലിയൂ ഡി അസി എഞ്ചിനീയര്‍ ബി അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ വി മണികണ്‌ഠന്‍ നായര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശ്രീരേഖ നന്ദിയും പറഞ്ഞു.
- Log in to post comments