റൂഫ് ടോപ്പ് സോളാർ പവർ പദ്ധതി ഉദ്ഘാടനം ചെയ്തു 50 ലക്ഷം എൾഇഡി ബൾബുകൾ വീടുകളിൽ വിതരണം ചെയ്യും: മന്ത്രി ഇ.പി ജയരാജൻ
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 50 ലക്ഷം എൾഇഡി ബൾബുകൾ വീടുകളിൽ വിതരണം ചെയ്യുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഇതു വഴി സിഎഫ്എൽ ബൾബുകളുടെ ഉപയോഗം കുറച്ച് വൈദ്യുതി സംരക്ഷിക്കാൻ സാധിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്‌കൂളുകളിൽ ഗ്രിഡ് ബന്ധിത റൂഫ് ടോപ്പ് സോളാർ പവർ പദ്ധതി എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കിഫ്ബിയിൽ നിന്നും ലഭിക്കുന്ന പണം പെട്ടെന്ന് കൊടുക്കേണ്ട. വൈദ്യുതി ചാർജ്ജിൽ നിന്നും നാലോ അഞ്ചോ വർഷം കൊണ്ട് അടച്ചാൽ മതി. സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ജില്ലാ പഞ്ചായത്തുകളിലൊന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്തെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സൗഹൃദ ഊർജത്തിലേക്ക് മാറുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയം അടിസ്ഥാനമാക്കി ജില്ലാ പഞ്ചായത്ത് രൂപം നൽകിയ പദ്ധതിയാണ് പുരപ്പുറ സൗരോർജ പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 72 ഗവ ഹൈസ്‌കൂളുകളെയും ജില്ലാ പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ 10 ഘടകസ്ഥാപനങ്ങളെയുമാണ് പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്. കെ എസ് ഇബിയുമായി സഹകരിച്ച് 2016-17 വർഷം മുതൽ വരെ നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയിൽ ആകെ 1529 കിലോ വാട്ട് പീക്ക് സ്ഥാപിതശേഷിയുള്ള സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് ആകെ 10.93 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതു വഴി ഊർജ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. ഇതുവഴി സ്ഥാപനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനും അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് കൈമാറി ജില്ലാ പഞ്ചായത്തിന് വരുമാനമുണ്ടാക്കുന്നതിനും സാധിക്കും.
ക്ലാസുകൾ ഹൈടെക് ആയതോടെ സ്‌കൂളുകൾ നേരിടുന്ന വലിയ പ്രശ്നമാണ് വൈദ്യുത ചാർജ്ജ് വർധന. പദ്ധതിയിലൂടെ ഇതിന് പരിഹാരമാകും. ഒന്നാം ഘട്ടത്തിൽ 23 വിദ്യാലയങ്ങളിലും ആറ് ഘടകസ്ഥാപനങ്ങളും ഉൾപ്പെടെ ആകെ 29 സ്ഥാപനങ്ങളെയാണ് പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്. 2016-17 വർഷം 5.59 കോടിയാണ് പദ്ധതിക്കായി കെ എസ് ഇ ബി ക്ക് നൽകിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി സുമേഷ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പി പി ദിവ്യ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം രാജൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ കെ പി ജയബാലൻ, വി കെ സുരേഷ് കുമാർ, കെ ശോഭ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അജിത്ത് മാട്ടൂൽ, കെ മഹിജ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി മിനി, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം പി ജസീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, കെ എസ് ഇ ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീലാ കുമാരി, റെയ്ഡ്കോ എം ഡി മനോജ് കുമാർ, ജയപ്രകാശ് (കെഎസ് ഇബി), എടയന്നൂർ ജി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് ഉഷ കരിയിൽ, പിടിഎ പ്രസിഡന്റ് സനൽകുമാർ, പ്രൻസിപ്പൽ എം വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments