പൊതു വിദ്യാലയങ്ങളില്‍ രണ്ട് വര്‍ഷത്തിനിടയില്‍ വര്‍ദ്ധിച്ചത് 3.41 ലക്ഷം കുട്ടികള്‍: മുഖ്യമന്ത്രി
തകര്‍ച്ച നേരിട്ട പൊതുവിദ്യാലയങ്ങളെ മുന്‍പന്തിയിലെത്തിക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സഹായകമായെന്നും ഇതിന്റെ ഭാഗമായി രണ്ട് വര്‍ഷം കൊണ്ട് 3.41 ലക്ഷം കുട്ടികളുടെ വര്‍ധന പൊതുവിദ്യാലയങ്ങളില്‍ ഉണ്ടാക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരളശ്ശേരിയില്‍ മുണ്ടലൂര്‍ ന്യൂ എല്‍ പി സ്‌കൂളിനായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പ്രദേശത്തെ വിദ്യാലയങ്ങളും അഭിവൃദ്ധി പ്രാപിക്കുന്നത് നാട്ടുകാരുടെ ഫലപ്രദമായ ഇടപെടലിലൂടെയാണ്. ഇതിലൂടെ പൊതുവിദ്യാലയങ്ങള്‍ക്കുണ്ടായ മാറ്റം ചെറുതല്ല. ഇനിയിതില്‍ നിന്ന് പുറകോട്ട് പോകാനില്ലെന്നും അദ്ദേഹം പറഞ്ഞു.
33 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. സ്‌കൂള്‍ വികസനത്തിനായി പി ടി എ യുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. പൂര്‍വ വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് ധനസമാഹരണം നടത്തി.
ആറ് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഐ ടി ലാബും അടങ്ങുന്നതാണ് പുതിയ കെട്ടിടം. ഇതിനോടനുബന്ധിച്ച് ആധുനിക ലൈബ്രറിയും കുട്ടികള്‍ക്കായുള്ള പാര്‍ക്കും നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികരാണ്.
സ്‌കൂള്‍ ജനകീയ കമ്മറ്റിക്ക് വിട്ട് നല്‍കാനുള്ള സമ്മതപത്രം സ്‌കൂള്‍ മാനേജര്‍ മഞ്ജുള രാജന്‍ മുഖ്യമന്ത്രിക്ക് കൈമാറി. അതോടൊപ്പം സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സി നിഷികാന്ത് രചിച്ച 'ആല്‍ഫ്രഡ്' എന്ന നോവലിന്റെ പ്രകാശനവും നിര്‍വഹിച്ചു.
ചടങ്ങില്‍ കെ കെ രാഗേഷ് എം പി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് പി കെ ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ബാലഗോപാല്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ലിസി, എം കെ മനോഹരന്‍, പി ടി എ പ്രസിഡണ്ട് എം കെ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments