ഉദ്ഘാടനത്തിനൊരുങ്ങി കര്‍മ്മ റോഡ്
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഗതാഗത സൗകര്യത്തിനൊപ്പം പുഴയോര സൗന്ദര്യവും ആസ്വദിക്കാവുന്ന കര്‍മ്മ റോഡ് ഉദ്ഘാടനത്തിനൊരുങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ പുഴയോര പാതകളിലൊന്നായ കര്‍മ്മ റോഡിന്റെ ഉദ്ഘാടനവും റോഡിന്റെ സൗന്ദര്യവത്കരണ നിര്‍മാണോദ്ഘാടനവും ഈ മാസം (ഫെബ്രുവരി 19) സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും.
ഗുഡ് മോര്‍ണിങ് പൊന്നാനിയെന്ന് പേരിട്ട അനുബന്ധ പദ്ധതിക്ക് ഇതോടൊപ്പം തുടക്കമാകുന്നുണ്ട്. പുഴയോരപാതയിലൂടെയുള്ള പ്രഭാത സവാരിയും സൗന്ദര്യവത്ക്കരണവുമാണ് ഇതിലൂടെ സാധ്യമാക്കുക. നാല് കോടി രൂപയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. 32 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കര്‍മ്മ റോഡിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ നടപടിയും പൂര്‍ത്തിയാവുകയാണ്.
കര്‍മ്മ റോഡിനെ പൊന്നാനി ഫിഷിംഗ് ഹാര്‍ബര്‍ വരെ നീട്ടുന്നതാണ് രണ്ടാം ഘട്ടം. ഇതിനായി പള്ളിക്കടവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പൊന്നാനിയിലെ സാമൂഹ്യ സന്നദ്ധ സംഘടനയായ കര്‍മ്മയുടെ നേതൃത്വത്തില്‍ 1998 നവംബര്‍ 30 ന് ഒരു നാടാകെ അണിനിരന്നതിന്റെ ഫലമാണ് കര്‍മ്മ റോഡ്. 42 സാംസ്ക്കാരിക സംഘടനകളും, ബഹുജനങ്ങളും, വിദ്യാര്‍ത്ഥികളും ദിവസങ്ങളെടുത്താണ് കര്‍മ്മ റോഡ് പൂര്‍ത്തിയാക്കിയത്.
വാഹന പെരുപ്പമുണ്ടാകുന്നതിന് മുമ്പ് തന്നെ പൊന്നാനിയില്‍ ബൃഹത്തായ ഒരു സമാന്തര റോഡ് എന്ന ആശയത്തിന് തുടക്കമിട്ടാണ് കുറ്റിക്കാട് മുതല്‍ ജിം റോഡ് വരെയുള്ള പുഴയോരത്തെ ഒന്നര കിലോമീറ്റര്‍ ഭാഗത്ത് ചരല് റോഡ് നിര്‍മ്മിച്ചത്. രണ്ടാം ഘട്ടമായി ജിം റോഡ് മുതല്‍ കനോലി കനാല്‍ വരെയുള്ള രണ്ടര കിലോമീറ്റര്‍ ഭാഗം ഗതാഗത യോഗ്യമാക്കുകയും ചെയ്തു. പൊതുജനങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തില്‍ ഭാരതപ്പുഴയോരത്തെ കിലോമീറ്ററുകളോളം ഭാഗം ഗതാഗത യോഗ്യമായെങ്കിലും റോഡിന്റെ വിപുലമായ നിര്‍മ്മാണമാരംഭിച്ചത് 2011 ല്‍ മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി പൊന്നാനിയെ പ്രതിനിധീകരിച്ച കാലഘട്ടത്തിലായിരുന്നു. 14 കോടി രൂപയാണ് അന്ന് തുക അനുവദിച്ചത്. തുടര്‍ന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഇടപെടല്‍ മൂലം കര്‍മ്മ റോഡിന്റെ രണ്ടു റീച്ചുകളും പൂര്‍ത്തീകരിച്ചു.
- Log in to post comments