വാഴക്കാട് ഗവ. ആശുപത്രിയുടെ 10 കോടിയുടെ കെട്ടിട ശിലാസ്ഥാപനം ഫെബ്രുവരി 18ന്
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പ്രളയത്തില്‍ തകര്‍ന്ന വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനായി 10 കോടിയോളം രൂപ ചെലവില്‍ പുതുതായി നിര്‍മ്മിച്ചു നല്കുന്ന ഹൈടെക്ക് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 18 ന് നടക്കും. രാവിലെ 10.30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയര്മാന് ഡോ.വി.എം.ഷംസീര്‍ വയലില്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനാവും. പ്രൊജക്റ്റ് ഉപദേശകനായ മെട്രോ മാന്‍ ഇ.എം.ശ്രീധരന് മുഖ്യാതിഥിയാവും. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കും. അഞ്ച് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
ഡോ.ഷംസീര്‍ വയലില്‍ ചെയര്‍മാനായ വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സി.എസ്.ആര് സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി 12 ആശുപത്രികളിലായി വി.പി.എസ് ഹെല്‍ത്ത് കെയര്‍ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തിലേക്ക് ജില്ലയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക ആശുപത്രിയാണ് വാഴക്കാട്ടേത്. പിഎച്ച്.സിയായിരുന്ന ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരുന്നു. 2018 ആഗസ്റ്റ് മാസത്തില്‍ രണ്ടു തവണയായി വെള്ളം കയറി ബലക്ഷയം സംഭവിച്ച കെട്ടിടത്തിന്റെ സ്ഥാനത്താണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ പുതിയ രൂപരേഖ അടിസ്ഥാനമാക്കിയാണ് കെട്ടിടം പുതുക്കിപ്പണിയുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് ടെക്നോളജി ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് ആശുപത്രിയും പരിസരവും സംവിധാനിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറില്‍ പാര്‍ക്കിങ്ങ് സ്വകര്യവും ഒന്നാം നിലയില്‍ ഒ.പി, ഫാര്‍മസി, ഒബ്സര്‍വേഷന്‍, കണ്‍സള്‍ട്ടിംങ്ങ് റൂം, ലബോറട്ടറി, പരിശോധന മുറി എന്നിവയും രണ്ടാം നിലയില്‍ അഡ്മിനിസട്രേഷന്‍ ബ്ലോക്ക് സംവിധാനവുമൊരുക്കാനാണ് പ്രാഥമിക ധാരണ. പുതിയ കെട്ടിടം വരുന്നതോടെ കിടത്തി ചികില്‍സക്കുള്ള സൗകര്യമടക്കമൊരുക്കും. ഇതു കൂടാതെ ഓപ്പണ്‍ ജിം, ജീവിതശൈലി രോഗികള്‍ക്കായുള്ള ഹെല്‍ത്ത് വാക്ക് വേ, യോഗ സെന്റര്‍, അത്യാധുനിക ആംബുലന്‍സ് എന്നിവയും ഒരുക്കും. രോഗീ സൗഹൃദ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുന്ന ഓപ്പണ്‍ കിച്ചണ്‍ കേരളത്തിലാദ്യമായി ഈ ആശുപത്രിയോടനുബന്ധിച്ചുണ്ടാവും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സംസ്ഥാനത്തെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമായി ഈ ആശുപത്രി മാറും.
- Log in to post comments