Skip to main content

പുല്‍വാമ ഭീകരാക്രമണം -ജവാന്‍ വി.വി വസന്തകുമാറിന്റെ ഭൗതികശരീരം കോഴിക്കോട് വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി.വി വസന്തകുമാറിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സര്‍ക്കാര്‍ ഏറ്റുവാങ്ങി. എയര്‍ ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഉച്ചയ്ക്ക് രണ്ടിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഭൗതിക ശരീരം എയര്‍പോര്‍ട്ട് കവാടത്തില്‍ നിന്ന് ജില്ലാകലക്ടര്‍ അമിത് മീണ ഏറ്റുവാങ്ങി. തുടര്‍ന്ന്          പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനത്തിനു വെച്ച ഭൗതിക ശരീരം ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കി ആദരിച്ചു. മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ.ശശീന്ദ്രന്‍, ഡോ.കെ.ടി ജലീല്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം  തുടങ്ങിയവര്‍ സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി ഇ.പി ജയരാജന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഗവര്‍ണര്‍ക്കു വേണ്ടി ജില്ലാകലക്ടര്‍ അമിത് മീണയും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ.ശശീന്ദ്രനും പുഷ്പചക്രം സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരിനുവേണ്ടി അല്‍ഫോന്‍സ് കണ്ണന്താനവും പുഷ്പചക്രം സമര്‍പ്പിച്ചു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ പി.അബ്ദുല്‍ ഹമീദ്, സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഷാഫി പറമ്പില്‍, വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വി.വി വസന്തകുമാറിന്റെ  ഭൗതികശരീരം കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ എത്തി. തുടര്‍ന്ന് റോഡു മാര്‍ഗം ഭൗതികശരീരം ജ•നാടായ വയനാട്ടിലേക്ക് കൊണ്ടുപോയി.

 

 

date