Skip to main content

ആദിവാസികളെ സംരക്ഷിക്കാൻ കേന്ദ്രം നിയമഭേദഗതി നടത്തണം:മന്ത്രി എ. കെ. ബാലൻ

 

കേന്ദ്ര വനാവകാശ നിയമത്തിന് വിരുദ്ധമായി വനഭൂമി കൈവശം വച്ചിട്ടുള്ള ആദിവാസികളിൽ നിന്ന് തിരിച്ചു പിടിക്കണമെന്ന സുപ്രീം കോടതി വിധി തണലാക്കി കേരളത്തിലെ വനങ്ങളിൽ നിന്ന് വ്യാപകമായി ആദിവാസികളെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ സർക്കാർ ശക്തമായി ചെറുക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി എ. കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദിവാസികളെ സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ നിയമ ഭേദഗതി നടത്തണം. ആവശ്യമെങ്കിൽ അപ്പീൽ നൽകണം. വിധി നടപ്പാക്കേണ്ടി വരുന്ന സാഹചര്യത്തിൽ കേരളത്തിൽ 894 ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി നഷ്ടപ്പെടുന്നത്. എന്നാൽ ഇവർ ആശങ്കപ്പെടേണ്ട കാര്യമില്ല. സർക്കാർ പകരം ഭൂമി നൽകും. ഇതിനുള്ള ഭൂമി കണ്ടെത്തുന്നതു വരെ ഇവരെ ഒഴിപ്പിക്കരുതെന്ന നിലപാട് സർക്കാർ കോടതിയെ അറിയിക്കും. ഇത് സുപ്രീം കോടതി അംഗീകരിക്കുമെന്നാണ് കരുതുന്നത്. 

ഇന്ത്യയിൽ പത്ത് ലക്ഷം ആദിവാസികളെയാണ് വിധി ബാധിക്കുന്നത്. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് റവന്യു, വനം മന്ത്രിമാരുമായി ചർച്ച നടത്തും. 19,000 ഏക്കർ നിക്ഷിപ്ത വനഭൂമി ആദിവാസികൾക്ക് വിതരണത്തിന് കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിന് അനുവദിച്ചിരുന്നു. ഇതിൽ 3537 ഏക്കൽ ഭൂമി മാത്രമാണ് വിതരണത്തിന് ലഭിച്ചത്. 4000ത്തിലധികം ഏക്കർ വാസയോഗ്യമല്ലെന്ന് വനംവകുപ്പ് തന്നെ അറിയിച്ചു. ഇതിന് പകരം ഭൂമി കണ്ടെത്തി നൽകേണ്ടത് വനംവകുപ്പിന്റെ ബാധ്യതയാണ്. കേരളത്തിൽ 9000 ആദിവാസികൾക്കാണ് നിലവിൽ ഭൂമിയില്ലാത്തത്. ഇവർക്ക് ഭൂമി നൽകാനുള്ള നടപടി നാലു മാസത്തിനകം പൂർത്തിയാക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. 

പി.എൻ.എക്സ്. 693/19

date