Skip to main content

വ്യവസായം തുടങ്ങാനുള്ള അപേക്ഷകളിൽ 30  ദിവസത്തിനകം തീരുമാനം: മന്ത്രി ഇ.പി. ജയരാജൻ 

 

വ്യവസായം തുടങ്ങുന്നതിനുള്ള അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ കണ്ണൂർ ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായം തുടങ്ങുന്നതിനുള്ള ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കെ-സ്വിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം സർക്കാർ കൊണ്ടുവന്നു. വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകളിൽനിന്നുള്ള അനുമതിക്ക് ഒരു ഏകീകൃത അപേക്ഷാഫോറം കെ-സ്വിഫ്റ്റിന്റെ ഭാഗമാണ്. 14 വകുപ്പുകളിലൂടെയുള്ള 29 സേവനങ്ങൾ കെ-സ്വിഫ്റ്റിലൂടെ ലഭ്യമാക്കും. മതിയായ അപേക്ഷകൾ സമർപ്പിച്ചിട്ടും അനുമതി ലഭിച്ചില്ലെങ്കിൽ കൽപിത അനുമതി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി വ്യവസായം തുടങ്ങാനുള്ള നടപടികൾ ലളിതമാക്കാൻ നിലവിലെ ഏഴ് നിയമങ്ങളിലും 10 ചട്ടങ്ങളിലും സർക്കാർ ഭേദഗതി വരുത്തി. ഇൻവെസ്റ്റ്‌മെൻറ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് 2018 പാസാക്കി. ഇപ്രകാരം നിയമ ഭേദഗതി വരുത്തിയ ആദ്യ സംസ്ഥാനം എന്ന പദവി കേരളത്തിന് ലഭിച്ചു. ലൈസൻസുകളുടെ കാലാവധി നിലവിൽ ഒരു വർഷവും മൂന്നു വർഷവും ആണ്. ഇത് അഞ്ച് വർഷമാക്കി വർധിപ്പിച്ചു. ലൈസൻസ് പുതുക്കൽ ഓട്ടോ റിന്യൂവൽ സിസ്റ്റം വഴി നടപ്പിലാക്കാൻ ഓൺലൈൻ സംവിധാനം തയ്യാറാവുന്നു. നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് നടത്തിയ വ്യവസായ സൗഹൃദ സർവേയിൽ 2018ൽ കേരളം ആറാം സ്ഥാനത്തേക്കുയർന്നു.

പ്രശസ്ത സാമ്പത്തിക വിദഗ്ധൻ പ്രൊഫ. സുശീൽ ഖന്ന അധ്യക്ഷനായി കേരള വാണിജ്യ മിഷൻ രൂപീകരിച്ചു. കേരളത്തിലെ ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് തനത് ഉൽപ്പന്നങ്ങൾ ആവശ്യക്കാർക്ക് നേരിട്ടെത്തിക്കാൻ വാണിജ്യമിഷന്റെ പ്രവർത്തനങ്ങൾ സഹായകമാവും.

അംഗീകൃത വ്യവസായ പാർക്കുകളുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ 2017 മാർച്ച് 31ൽ ഉണ്ടായിരുന്നതിനേക്കാൾ അധിക ജീവനക്കാർക്ക് ഇ.എസ്.ഐ, പി.എഫ് എന്നിവയുടെ തൊഴിലുടമ അടയ്‌ക്കേണ്ട വിഹിതത്തിന്റെ 75 ശതമാനം അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ നൽകുമെന്ന് മന്ത്രി അറിയിച്ചു. വ്യവസായ എസ്‌റ്റേറ്റുകളിൽ വിദേശ മലയാളികൾക്ക് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തി.

2018-19 സാമ്പത്തിക വർഷം ഡിസംബർ 31 വരെയുള്ള കാലയളവിൽ ഏഴ് പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലും 12 സ്ഥാപനങ്ങൾ പ്രവർത്തന ലാഭത്തിലുമായി. നേരിയ ലാഭത്തിലായിരുന്ന കെൽട്രോൺ 2017-18 സാമ്പത്തിക വർഷം 3.51 കോടി ലാഭം നേടി. ഈ സർക്കാറിന്റെ കാലത്ത് 36,000ലധികം ഇടത്തരം-ചെറുകിട-സൂക്ഷ്മ സംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഈ രംഗത്ത് 3250 കോടി നിക്ഷേപവും 1.3 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

സ്വകാര്യ വ്യവസായ പാർക്കുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. നഗര പ്രദേശങ്ങളിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും ഭൂമിയുള്ളവർക്ക് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അപേക്ഷിക്കാം. സർക്കാർ വ്യവസായ പാർക്കുകൾക്കുള്ള എല്ലാ ആനുകൂല്യവും ഈ പാർക്കുകൾക്കും ലഭിക്കും. 

പ്രളയ ബാധിത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് കെ.എസ്.ഐ.ഡി.സി പുനർജനി വായ്പാ പദ്ധതി നടപ്പാക്കി. ഒമ്പത് ശതമാനം പലിശ നിരക്കിൽ മൂന്ന് കോടി രൂപ വരെ വായ്പ നൽകി. സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രം മുഖേന എടുത്ത വായ്പയുടെ മാർജിൻ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കിയതായും പലിശയിൽ 50 ശതമാനം ഇളവനുവദിച്ചതായും മന്ത്രി അറിയിച്ചു.

 

date