Skip to main content
കണ്ണൂരിന്റെ പുതിയ  വിനോദ സഞ്ചാര സാധ്യതകള്‍ എന്ന വിഷയത്തിലെ സെമിനാര്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം. ചെയ്യുന്നു

ഉത്തര മലബാറിലെ ടൂറിസം മേഖലയിൽ വൻകുതിപ്പ്:  മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 

ടൂറിസം രംഗത്ത് ഉത്തരമലബാറിനെ സംബന്ധിച്ചിടത്തോളം വൻകുതിപ്പ് അനുഭവപ്പെട്ട നാളുകളായിരുന്നു കഴിഞ്ഞ 1000 ദിനങ്ങളെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഡി.ടി.പി.സിയും ജില്ലാ ലൈബ്രറി കൗൺസിലുമായി ചേർന്ന് വിനോദസഞ്ചാര മേഖല- കണ്ണൂരിന്റെ പുതിയ സാധ്യതകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കണ്ണൂർ ജില്ലയിൽ 80 കോടി രൂപയാണ് വിനോദസഞ്ചാര മേഖലയിൽ ചെലവഴിച്ചത്. കണ്ണൂർ-കാസർക്കോട് ജില്ലകളിലെ നദികളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന 325 കോടിയുടെ മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പിലാവുന്നതോടെ വലിയ കുതിച്ചുചാട്ടമാവും ഉത്തരമലബാറിലെ ടൂറിസം രംഗത്ത് സംഭവിക്കുക. കേരളപ്പിറവിക്കു ശേഷമുള്ള അറുപത് കൊല്ലം മലബാറിലെ വിദേശസഞ്ചാര മേഖലയ്ക്കായി ചെലവഴിക്കപ്പെട്ട തുകയെക്കാൾ കൂടുതൽ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ചെലവാക്കിയെന്നു പറയുന്നത് അതിശയോക്തിപരമല്ലെന്നും മന്ത്രി പറഞ്ഞു. 

മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശ്ശേരി പൈതൃക ടൂറിസം പദ്ധതി വയനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് അടുത്തഘട്ടത്തിൽ വ്യാപിപ്പിക്കും. ഇതിനുള്ള ഡിപിആർ തയ്യാറായി വരികയാണ്. തെരഞ്ഞെടുപ്പിന് ശേഷം ഇതിന് അംഗീകാരം നൽകും. മുഴപ്പിലങ്ങാട്-ധർമടം ടൂറിസം ഡെവലപ്‌മെന്റ് പ്രൊജക്ട് നടപ്പിലാക്കുന്നതിന് കരാർ ഏറ്റെടുത്തിരിക്കുന്നത് അന്താരാഷ്ട്ര ടൂറിസം വികസന കമ്പനിയായ സിബിആർഇ സൗത്ത് ഏഷ്യയാണ്. മലബാറിൽ വരാനിരിക്കുന്ന ടൂറിസം പുരോഗതിയുടെ നിലവാരത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ലോൺലി പ്ലാനറ്റ് എന്ന അന്താരാഷ്ട്ര ടൂറിസം മാഗസിൻ ഏഷ്യയിൽ വിനോദ സഞ്ചാരികൾ സന്ദർശിച്ചിരിക്കേണ്ട 10 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അതിൽ മൂന്നാം സ്ഥാനമാണ് മലബാറിന് നൽകിയത്. ഉത്തര കേരളത്തിലെ ടൂറിസം മേഖലയുടെ പ്രചാരണത്തിന് സംസ്ഥാന സർക്കാർ നടത്തിവരുന്ന ശ്രമങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. 

ശിക്ഷക് സദനിൽ നടന്ന സെമിനാറിൽ രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് കെ വി സുമേഷ് മുഖ്യതിഥിയായി. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ രൂപേഷ് കുമാർ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി കെ സുരേഷ് ബാബു, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവർ സംസാരിച്ചു. 

 

 

date