ജില്ലാതല നിക്ഷേപക സംഗമം നടത്തി പൊതു-സ്വകാര്യ പങ്കാളിത്തം: സർക്കാറിന് വിശാല കാഴ്ചപ്പാട്-മന്ത്രി ഇ.പി. ജയരാജൻ
പൊതു-സ്വകാര്യ പങ്കാളിത്തത്തിന് വിശാലമായ കാഴ്ചപ്പാടാണ് സർക്കാറിനെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂരിൽ സംഘടിപ്പിച്ച ജില്ലാതല വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാം പൊതുമേഖലയിൽ വരണമെന്ന കാഴ്ചപ്പാട് സർക്കാറിനില്ല. നിക്ഷേപകർ സ്വന്തമായി വ്യവസായം തുടങ്ങുന്നുവെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തേയും പ്രോൽസാഹിപ്പിക്കും.
പെട്രോ കെമിക്കൽ വ്യവസായം, ഇ- വെഹിക്കിൾ നിർമ്മാണ സംരംഭങ്ങളിലേക്ക് സർക്കാർ കടക്കുകയാണ്. സർക്കാർ തളിപ്പറമ്പിൽ റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പോവുന്നു. ഇതിൽ നിക്ഷേപകർക്ക് താൽപര്യമുണ്ടെങ്കിൽ അതിന് അനുസരിച്ച് കമ്പനി രജിസ്റ്റർ ചെയ്യും. 30 കോടി രൂപയാണ് ഇതിന്റെ നിക്ഷേപം കാണുന്നത്. ഇതിന് അനുസരിച്ച് സിയാൽ മോഡലിൽ ഒരു സ്ഥാപനം ഉണ്ടാക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കാളിയാവാം. ഇതുപോലെ തേൻ സംഭരിച്ച് വിതരണം നടത്താൻ കണ്ണൂരിന് സാധ്യതയുണ്ട്.
മലബാർ സിമൻറ്‌സിന്റെ നിർമ്മാണ കേന്ദ്രം കണ്ണൂരിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മലബാർ സിമൻറ്‌സിന് ഡീലർഷിപ്പ് കൊടുക്കുന്നതിലെ നിയന്ത്രണം നീക്കിയിട്ടുണ്ട്. ഇതിലൂടെ കേരളത്തിലെ സിമൻറ് വ്യാപാരത്തിൽ വലിയൊരു ഭാഗം മലബാർ സിമൻറ്‌സിന് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും നല്ല സിമൻറിൽപ്പെട്ടതാണ് മലബാർ സിമൻറ്‌സ്. ആറുമാസം കൊണ്ട് മലബാർ സിമൻറ്‌സ് ലാഭകരമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഒ. മൂസാൻ കുട്ടി, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡൻറ് വിനോദ് നാരായണൻ, പി.വി. അബ്ദുൽ റാജിബ്, ദിനേശ് ചെയർമാൻ സി രാജൻ എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ അനിൽകുമാർ സ്വാഗതവും മാനേജർ എം ഷബീർ നന്ദിയും പറഞ്ഞു.
തുടർന്ന് ഭക്ഷ്യ സംസ്‌കരണ രംഗത്തെ നിക്ഷേപ സാധ്യതകൾ എന്ന വിഷയത്തിൽ സി. രാജൻ, വിമാനത്താവളവും തുറമുഖവുമായും ബന്ധപ്പെട്ട ലോജിസ്റ്റിക്‌സ് രംഗത്തെ നിക്ഷേപ സാധ്യതകൾ എന്ന വിഷയത്തിൽ എൽ എൽ എം ടി സി ചെയർമാൻ നാനൂ വിശ്വനാഥൻ, ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്തെ നിക്ഷേപ സാധ്യതകൾ എന്ന വിഷയത്തിൽ കെ.വി രവിശങ്കറും വിഷയാവതരണം നടത്തി. തുടർന്ന് സംരംഭകത്വ വികസന ക്ലബുകളിലെ വിദ്യാർഥികൾ നവീനമായ ആശയങ്ങളുടെ അവതരണം നടത്തി.
- Log in to post comments