Skip to main content

ജില്ലയില്‍ കുടിവെളളക്ഷാമം പരിഹരിക്കാന്‍  സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും : ജില്ലാ വികസന സമിതി

ജില്ലയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ വികസന സമിതിയില്‍ തീരുമാനം. വേനല്‍ ശക്തമാകുന്നതോടെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം ഉണ്ടായേക്കാവുന്ന സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ ജില്ലാകളക്ടര്‍ ടി.വി. അനുപമ ഉദ്യോഗസ്ഥരോട്‌ നിര്‍ദ്ദേശിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട്‌ അതത്‌ താലൂക്ക്‌ ഓഫീസുകളിലെ ഉദ്യോസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കണം. കുടിവെള്ളത്തിന്റെ അളവ്‌ പരിശോധിക്കുന്ന ഗ്രൗണ്ട്‌ വാട്ടര്‍ ലെവല്‍ മോണിറ്ററിങ്‌ ആരംഭിച്ചിട്ടുണ്ട്‌. ഇതിലൂടെ ഏതൊക്കെ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നു കണ്ടെത്താന്‍ കഴിയും. തുടര്‍ന്ന്‌ അവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നടപടിയെടുക്കും. കുടിവെള്ള വിതരണം കാര്യക്ഷമമായി നടപ്പിലാക്കാന്‍ എല്ലാതരത്തിലുള്ള നടപടികളും കൈക്കൊള്ളുമെന്നും ഇതിനായി പഞ്ചായത്തുതലത്തില്‍ യോഗം ചേരുമെന്നും എംഎല്‍എമാരായ ബി.ഡി. ദേവസ്സി, ഇ.ടി ടൈസണ്‍മാസ്‌റ്റര്‍ എന്നിവര്‍ അറിയിച്ചു. 
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ശ്രീ ശൈലം ഏജന്‍സി ഏറ്റെടുത്തിട്ടുള്ള 7 വിദ്യാലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ നടപടി കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട്‌ മന്ത്രിമാര്‍, ഡിപിഐ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന്‌്‌ തീരുമാനം കൈക്കൊള്ളുമെന്നും തുടര്‍ന്ന്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. വലപ്പാട്‌ വി.എച്ച്‌.എസ്‌.എസിന്‌ സ്‌കൂള്‍ ബസ്‌ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. പാഞ്ഞാള്‍-പൈങ്കുളം-മുരുന്ദംകോട്‌ ഭാഗത്ത്‌ കനാല്‍ റോഡിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന അപകടാവസ്ഥയിലുള്ള മുഴുവന്‍ മരങ്ങളും മുറിച്ചുനീക്കാന്‍ തീരുമാനമായി. നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ 5300 കര്‍ഷകരില്‍ നിന്നായി 15367 ടണ്‍ നെല്ല്‌ സംഭരിച്ചിട്ടുണ്ടെന്നും 19 കോടി രൂപ പി ആര്‍ എസ്‌ വായ്‌പാപദ്ധതി പ്രകാരം വിതരണം ചെയ്‌തിട്ടുണ്ടെന്നും സപ്ലൈകോ പാഡി മാര്‍ക്കറ്റങ്‌ ഓഫീസര്‍ യോഗത്തെ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന്‌ പ്രവര്‍ത്തന രഹിതമായ ചാലക്കുടി താലൂക്ക്‌ ആശുപത്രിയിലെ മാമോഗ്രാം മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി നടപടി ആരംഭിച്ചു. ചാലക്കുടി താലൂക്ക്‌ ആശുപത്രിയില്‍ മെഡിക്കല്‍ ഐ സി യു സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തയ്യാറായതിന്റെ പശ്ചാത്തലത്തില്‍ 71 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്രോജക്ട്‌ റിപ്പോര്‍ട്ടും സമര്‍പ്പിക്കുമെന്ന്‌ ഡി എം ഒ യോഗത്തെ അറിയിച്ചു. 

date