Skip to main content

ആയിരം ദിനം : പൂമംഗലം പഞ്ചായത്തില്‍  വിജ്ഞാനവാടി ഉദ്‌ഘാടനം 26 ന്‌

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിനു കീഴിലെ പൂമംഗലം മാരാത്ത്‌ കോളനിയില്‍ പട്ടികജാതി പട്ടികവര്‍ക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്കായി വിജ്ഞാനവാടി പ്രവര്‍ത്തനമാരംഭിക്കുന്നു. സംസ്ഥാന പട്ടികജാതി വകുപ്പാണ്‌ പോലീസ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷന്‍ വഴി വിജ്ഞാനവാടിക്ക്‌ തുടക്കമിടുന്നത്‌. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ വൈജ്ഞാനിക മേഖലയിലെ മുന്നേറ്റമാണ്‌ ഇതുകൊണ്ട്‌ ലക്ഷ്യമിടുന്നത്‌. കമ്പ്യൂട്ടര്‍ ലൈബ്രറി എന്നീ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിജ്ഞാനവാടി ഉദ്‌ഘാടനം 26ന്‌ വൈകിട്ട്‌ 4മണിക്ക്‌ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ എസ്‌ രാധാകൃഷ്‌ണന്‍ നിര്‍വഹിക്കും. കോളനി നിവാസികള്‍ക്കും സമീപപ്രദേശങ്ങളിലെ പട്ടികജാതി ജനവിഭാഗത്തിനും തൊഴില്‍, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സേവനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക്‌ മെച്ചപ്പെട്ട പഠനാന്തരീക്ഷം, വായനാശീലം വളര്‍ത്തുന്നതിനായി മികച്ച രീതിയിലുള്ള റഫറന്‍സ്‌ ലൈബ്രറി എന്നീ സൗകര്യങ്ങള്‍ വിജ്ഞാനവാടിയില്‍ ലഭ്യമാകും. പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട്‌ 4 മുതല്‍ 7 വരെയും അവധി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട്‌ 5 വരെയും വാടി പ്രവര്‍ത്തിക്കും. വിദഗ്‌ധര്‍ നയിക്കുന്ന ക്ലാസുകള്‍, സെമിനാറുകള്‍, കോച്ചിങ്ങ്‌ ക്ലാസുകള്‍, ലൈബ്രറി വിപുലീകരണം എന്നിവ വിജ്ഞാനവാടി തുടര്‍പദ്ധതികളാണ്‌. ഏഴ്‌ ലക്ഷം രൂപ ചെലവഴിച്ചാണ്‌ വിജ്ഞാന വാടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. ഇതില്‍ 5,40,726 രൂപ കെട്ടിടനിര്‍മ്മാണത്തിനും 1,56,000 രൂപ ഫര്‍ണീച്ചറുകള്‍, കമ്പ്യൂട്ടര്‍ അനുബന്ധ സാമഗ്രികള്‍ക്കുമായാണ്‌ ചെലവഴിച്ചത്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വത്സല ബാബു, പൂമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വര്‍ഷ രാജേഷ്‌, പട്ടികജാതി വികസന ഓഫീസര്‍ ദിജി, ബ്ലോക്ക്‌ സെക്രട്ടറി സംഗീത്‌ എന്നിവര്‍ പങ്കെടുക്കും.

date